• ഹേ മനുഷ്യരേ, നിങ്ങള്‍ക്ക് നഗ്നത മറക്കാനും അലങ്കാരത്തിനുമുള്ള വസ്ത്രം നാം തന്നിരിക്കുന്നു. എന്നാല്‍ ഭക്തിയുടെ പുടവയാണ് ഏറ്റവും ഉത്തമം.
• ഉഷ്ണം തടുക്കാനുള്ള വസ്ത്രങ്ങളും ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനുള്ള പടയങ്കികളും അവന്‍ സജ്ജീകരിച്ചു. നിങ്ങള്‍ വിധേയത്വമുള്ളവരാകാന്‍ വേണ്ടി. അവന്‍ ഇപ്രകാരം അനുഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ചു തരികയാണ്.
• സുമുറ(റ)വിൽ നിന്ന് നിവേദനം: നബി(സ)പറഞ്ഞു, നിങ്ങൾ വെള്ള വസ്ത്രം ധരിക്കുക, അതാണ് ഏറ്റവും പരിശുദ്ധവും, ഉത്തമമായതും.നിങ്ങളിൽനിന്ന് മരണപ്പെട്ടവരെ അതിൽ കഫൻ ചെയ്യുകയും ചെയ്യുക. (നസാഈ)
1. ആയിശ(റ)വിൽ നിന്ന് നിവേദനം: (യമനിലെ)സുഹൂലിൽ നെയ്‌തെടുത്ത വെളുത്തതും പരുത്തി കൊണ്ടുള്ളതുമായ മൂന്നു വസ്ത്രത്തിലാണ് നബി(സ)യെ കഫൻ ചെയ്തത്. അതിൽ കുപ്പായമോ തലപ്പാവോ ഉണ്ടായിരുന്നില്ല, (മുത്തഫഖുൻ അലൈഹി)
2. ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. അഹങ്കാരം കൊണ്ട് തന്റെ വസ്ത്രം വലിച്ചിഴക്കുന്നവനെ അന്ത്യദിനത്തിൽ അല്ലാഹു നോക്കുകയില്ല. അപ്പോൾ അബൂബക്കർ(റ) അല്ലാഹുവിന്റെ പ്രവാചകരേ(സ), ഞാൻ നല്ലവണ്ണം ശ്രദ്ധിക്കാതിരുന്നാൽ എന്റെ വസ്ത്രം താഴ്‌ന്ന് പോകുന്നുവല്ലോ എന്ന് പരിഭവം പറഞ്ഞു. ഉടനെ അവിടുന്ന് പറഞ്ഞു: താങ്കൾ ഒരിക്കലും അത് അഹങ്കാരം കൊണ്ട് ചെയ്യുന്നവരിൽ പെടുന്നവരല്ല.
3. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. വസ്ത്രം ധരിച്ചു നിസ്‌ക്കരിക്കുന്നവനോട് നബി പറഞ്ഞു. പോയി വുളു ചെയ്തു വരൂ. വുളുവെടുത്തു വന്നു. വീണ്ടും പറഞ്ഞു. അയാള്‍ വുളുവെടുത്തു വന്നു. അയാള്‍ ചോദിച്ചു. നബിയേ, വുളുവെടുക്കാന്‍ പറഞ്ഞ് അങ്ങ് മറ്റൊന്നും പറയുന്നില്ലല്ലോ. നബി പറഞ്ഞു. അദ്ദേഹം വസ്ത്രമിഴച്ചാണ് നിസ്‌ക്കരിച്ചത്. വസ്ത്രമിഴക്കുന്നവന്റെ നിസ്‌ക്കാരം അല്ലാഹു സ്വീകരിക്കുകയില്ല
4. മുആദ് ബ്‌നുഅനസ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: ”അല്ലാഹുവിന്റെ പ്രീതിക്കായ് വിനയം കാണിച്ചുകൊണ്ട് ആഢംഭര രീതിയിൽ വസ്ത്രം ധരിക്കുന്നത് ഒഴിവാക്കിയാൽ അന്ത്യനാളിൽ അല്ലാഹു അദ്ദേഹത്തെ സൃഷ്ടികളുടെ നേതൃത്വത്തിൽ കൊണ്ടുവരികയും സത്യവിശ്വാസത്തിന്റെ ഉടയാടകളിൽ നിന്ന് അവൻ ഇഷ്ടപ്പെട്ടത് തെരെഞ്ഞെടുത്ത് ധരിക്കാൻ അയാൾക്ക് സ്വാതന്ത്ര്യം നൽകുകയും ചെയ്യും”. (തിർമുദി)
5. അംറ്ബ്നു ശുഐബ്(റ)വിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞിരിക്കുന്നു: അല്ലാഹു തന്റെ ദാസന് നൽകിയ അനുഗ്രഹങ്ങൾ അവനിലൂടെ കാണപ്പെടുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു”.(തിർമുദി)
6. അബൂ സഈദുൽ ഖുദ്‌രി(റ)വിൽ നിന്ന് നിവേദനം: നബി(സ)തലപ്പാവ്, ഷർട്ട്, രണ്ടാം മുണ്ട് എന്നീ പുതിയ വസ്ത്രം ധരിക്കുമ്പോൾ അവയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു അല്ലാഹുവേ നിനക്കാണ് സ്തുതി, നീയാണ് അത് എന്നെ ധരിപ്പിച്ചിരിക്കുന്നത്, അതുകൊണ്ടുള്ള നൻമയും അത് ഏതൊരു കാര്യത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ നൻമയും ഞാൻ നിന്നോട് ചോദിക്കുന്നു, അല്ലാഹുവേ, ഇതിന്റെ തിൻമയിൽ നിന്നും അത് ഏതൊരു കാര്യത്തിന് വേണ്ടി നിർമ്മിക്കപ്പെട്ടിരിക്കുന്നുവോ അതിന്റെ തിൻമയിൽ നിന്നും ഞാൻ നിന്നോട് രക്ഷചോദിക്കുകയും ചെയ്യുന്നു. (തിർമുദി, അബൂദാവൂദ്)