• അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍
• ക്രോധം ഒതുക്കുകയും ജനങ്ങള്‍ക്ക് മാപ്പരുളുകയും ചെയ്യുന്നവര്‍
1. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബി(സ) ജനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്വഭാവഗുണങ്ങള്‍ ഉള്ളവരായിരുന്നു. ഒരുദിവസം ഒരാവശ്യത്തിന് എന്നെ പറഞ്ഞയച്ചു. ഞാന്‍ പറഞ്ഞു. ഞാന്‍ പോകില്ല, നബി കല്പിച്ചതിനാല്‍ പോകണമെന്ന് മനസ്സിലുണ്ട്. അങ്ങനെ അങ്ങാടിയില്‍ കളിക്കുന്ന കുട്ടികള്‍ക്കിടയിലൂടെ ഞാന്‍ നടന്നു. ആ സമയത്ത് എന്റെ പിന്നില്‍ പിരടിയില്‍ പിടിച്ചു. നോക്കിയപ്പോള്‍ നബി ചിരിച്ച് നില്‍ക്കുന്നു. ഓ ഉനൈസ്, ഞാന്‍ പറഞ്ഞതിനാല്‍ നീ പോകുമോ? ഞാന്‍ പറഞ്ഞു. അതേ റസൂലേ.
2. അനസ്(റ)വില്‍ നിന്നും നിവേദനം. അദ്ദേഹം പറയുന്നു. നബിﷺ മദീനയില്‍ വന്നപ്പോള്‍ അബൂത്വല്‍ഹ(റ) എന്റെ കൈയും പിടിച്ച് നബിയുടെ അടുത്ത് കൊണ്ട് പോയി. നബിയേ, അനസ് ബുദ്ധിയുള്ള കുട്ടിയാണ്. അങ്ങേക്ക് സേവനം ചെയ്ത് കൊള്ളും. അനസ്(റ) പറയുന്നു. ഞാന്‍ നബിക്ക് യാത്രയിലും അല്ലാത്തപ്പോഴും സേവനം ചെയ്തു. ഞാനെന്തെങ്കിലും ചെയ്ത് കഴിഞ്ഞാല്‍ എന്തിനാണത് ചെയ്തത് എന്ന് ചോദിച്ചിട്ടില്ല. ചെയ്യാതിരുന്നാല്‍ എന്താണ് ചെയ്യാതിരുന്നതെന്ന് ചോദിച്ചിട്ടില്ല.
3. അബ്ദുല്ലാഹിബ്‌നു അംറ്(റ) പറയുകയുണ്ടായി. നബി(സ) ചീത്ത വാക്കുകൾ പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുമായിരുന്നില്ല. അവിടുന്ന് പറയാറുണ്ടായിരുന്നു: നിങ്ങളുടെ കൂട്ടത്തിലെ ഉത്തമർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവം കാണിക്കുന്നവരാകുന്നു. (മുത്തഫ ഖുൻ അലൈഹി)
4. അബുദ്ദര്‍ദാഅ്(റ)വില്‍ നിന്നും നിവേദനം. നബി പറഞ്ഞു. ഖിയാമത് നാളില്‍ സല്‍സ്വഭാവത്തേക്കാള്‍ ഭാരമുള്ളതായി മറ്റൊന്നും ഉണ്ടാകില്ല. നിശ്ചയം നിന്ദ്യമായ മോശം വാക്കുകള്‍ പറയുന്നവരെ അല്ലാഹു ദേഷ്യ വെക്കും.
5. അബൂഹുറൈറ(റ) വില്‍ നിന്നും നിവേദനം. ജനങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച് നബിയോട് കൂടുതലായും ചോദിക്കപ്പെട്ടപ്പോള്‍ നബി പറഞ്ഞത്. തഖ് വയും സല്‍സ്വഭാവവും. നരകത്തില്‍ പ്രവേശിക്കുന്നതിനെപ്പറ്റി ചോദിക്കപ്പെട്ടു. വായയും ഗുഹ്യസ്ഥാനവും.
6. അബൂഹുറൈറ(റ) വില്‍ നിന്നും നിവേദനം. നബി(സ) പറഞ്ഞു. വിശ്വാസത്താല്‍ പരിപൂര്‍ണരായ മുഅ്മിനീങ്ങള്‍ സ്വഭാവം നന്നായവരാണ്. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ സ്ത്രീകളോട് നല്ലവരായവരാണ്.
7. അബൂഹുറൈറ(റ) വില്‍ നിന്നും നിവേദനം. നബിﷺ പറഞ്ഞു. മല്‍പിടുത്തത്തില്‍ വിജയിക്കുന്നവനല്ല ശക്തന്‍. ദേഷ്യം വരുമ്പോള്‍ അടക്കിനിര്‍ത്തുന്നവനാണ് ശക്തന്‍.