നിസ്കാരത്തിൻ്റെ നിബന്ധനകളിൽ പത്താമത്തേത് അവസാനത്തേ അത്തഹിയ്യാത്ത് ഓതലാണ്. അത്തഹിയ്യാത്തിൻ്റ ചുരുങ്ങിയ രൂപം
التَّحِيَّاتُ لِلَّهِ، سَلَامٌ عَلَيْك أَيُّهَا النَّبِيُّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ، سَلَامٌ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ، أَشْهَدُ أَنْ لَا إلَهَ إلَّا اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللَّهِ
ഈചുരുങ്ങിയ രൂപത്തിൽ നിന്ന് ഒരു പദത്തേയും പകരമാക്കൽ അനുവതനീയമല്ല. ശദ്ദുകളും, ഒരു അക്ഷരം മറ്റു അക്ഷരമായി മാറി ഉച്ചരിക്കുന്നതും, തുടർച്ചയുമെല്ലാം ശ്രദ്ധിച്ച് ഓതാൽ അനിവാര്യമാണ്
അത്തഹിയ്യാത്തിൻ്റെ പരിപൂർണ്ണമായ രൂപം
التَّحِيَّاتُ المُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلَّهِ السَّلَامُ عَلَيْكَ أيُّها النبيُّ ورَحْمَةُ اللهِ وبَرَكَاتُهُ، السَّلَامُ عَلَيْنَا وعلَى عِبَادِ اللهِ الصَّالِحِينَ، أشْهَدُ أنْ لا إلَهَ إلَّا اللَّهُ، وأَشْهَدُ أنَّ مُحَمَّدًا رَسولُ اللَّهِ
സാരം....
എല്ലാ തിരുമുൽ കാഴ്ചകളും എല്ലാ സമൃദ്ധികളും നിസ്കാരങ്ങളും മറ്റു സുകൃതങ്ങളും എല്ലാം അല്ലാഹുവിനർപ്പിക്കുന്നു. നബിയെ അങ്ങയുടെ മേൽ അല്ലാഹുവിൻ്റെ രക്ഷയും കരുണയും അനുഗ്രഹങ്ങളും ഉണ്ടാകട്ടേ. ഞങ്ങൾക്കും അല്ലാഹുവിൻ്റെ സജ്ജനങ്ങളായ അടിമകൾക്കും അല്ലാഹുവിൻ്റെ രക്ഷയുണ്ടാവട്ടെ. അല്ലാഹു അല്ലാതെ യഥാർത്ഥ ആരാധ്യനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
പതിനൊന്നാമത്തേത്
നബിﷺയുടെ മേൽ സലാത്ത് ചൊല്ലൽ
അവസാന അത്തഹിയ്യാത്തിനു ശേഷം നബിﷺയുടെ മേൽ സലാത്ത് ചൊല്ലൽ നിർബന്ധമാണ്. അതിൽ നിന്ന് ചുരുങ്ങിയ രൂപം اللَّهُمَّ صَلِّ عَلَى مُحَمَّدٍ എന്നതാകുന്നു. അവസാന അത്തഹിയ്യാത്തിൽ നബിയുടെ കുടുംബത്തിൻ്റെ മേൽ സലാത്ത് ചൊല്ലൽ സുന്നത്താണ്. സലാത്തിൻ്റെ ചുരുങ്ങിയ രൂപത്തോട് കൂടെ وَآلِهِ എന്ന് അധികരിപ്പിക്കൽ കൊണ്ട് ആസുന്നത്ത് കരകതമാവും.
നബിﷺയുടെയും കുടുംബത്തിൻ്റെയും മേൽ സലാത്ത് ചൊല്ലുന്നതിൻ്റെ പരിപൂർമായ രൂപം
للَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ
സാരം…
അല്ലാഹുവേ… മുഹമ്മദ് നബിﷺക്കും കുടുംബത്തിനും നീ ഗുണം ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും നീ ഗുണം ചെയ്തത് പോലെ. മുഹമ്മദ് നബിﷺക്കും കുടുംബത്തിനും നീ ബർകത്ത് ചെയ്യേണമേ. ഇബ്രാഹിം നബിക്കും കുടുംബത്തിനും ബർകത്ത് ചെയ്തത് പോലെ. ലോകരിൽ നിന്നും തീർച്ചയായും നീ പ്രകീർത്തനതിനു അർഹനും ഉന്നത പദവിയുള്ളവനുമാകുന്നു
അവസാന അത്തഹിയ്യാത്തിനു ശേഷം ദുാഅ് ചെയ്യൽ സുന്നത്താണ്. നിവേദനം ചെയ്യപ്പെട്ടു വന്നതാണ് ഏറ്റവും ശ്രേഷ്ഠം. അതിനെ ഒഴിവാക്കൽ കറാഹത്താണ്. അവയിൽ പെട്ടതാണ് താഴെ പറയുന്ന ദുആഅ്
اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ اللَّهُمَّ إِنِّي أعُوذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّار وَمِنْ فِتْنَةِ المَحْيَا وَالْمَمَاتِ، وَمِنْ فِتْنَةِ الْمسِيحِ الدَّجَّالِ
സാരം…
അല്ലാഹുവേ... മുമ്പ് ചെയ്തതും പിന്നീട് ചെയ്ത് പോകാവുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. രഹസ്യമായും പരസ്യമായും ചെയ്യുന്നതും അവിവേകമായി ചെയ്ത് പോകുന്നതുമായ പാപങ്ങളെ എനിക്ക് നീ പൊറുത്തു തരേണമേ. അവയെപ്പറ്റി എന്നേക്കാൾ നന്നായി അറിയുന്നവൻ നീയാണ്. നീയാണ് മുന്തിക്കുന്നവൻ. നീ തന്നെയാണ് പിന്തിക്കുന്നവുനും നീയല്ലാതെ യഥാർത്ഥ ഒരാരാധ്യനുമില്ല. അല്ലാഹുവേ ഞാൻ നിന്നോട് കാവൽ തേടുന്നു. ഖബർ ശിക്ഷയിൽ നിന്നും നരക ശിക്ഷയിൽ നിന്നും മരണത്തിൻ്റെയും ജീവിതത്തിൻ്റെയും ദുരിതങ്ങളിൽ നിന്നും മസീഹുദ്ദജ്ജാലിൻ്റെ ഫിത്‌നകളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു
اللَّهمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَبِيرًا، وَلا يَغْفِرُ الذُّنوبَ إِلاَّ أَنْتَ، فَاغْفِر لِي مغْفِرَةً مِن عِنْدِكَ، وَارْحَمْني، إِنَّكَ أَنْتَ الْغَفورُ الرَّحِيم
സാരം...
അല്ലാഹുവേ ഞാൻ എന്നോട് തന്നെ ധാരാളം അതിക്രമം പ്രവർത്തിച്ച് പോയി നീ അല്ലാത്ത ആരും പാപങ്ങൾ പൊറുക്കുകയില്ല. അതുകൊണ്ട് നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം എനിക്ക് തരണമേ. എന്നോടു നീ കരുണ ചെയ്യണമേ. നിശ്ചയം നീ ധാരാളം പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാണ്.
പന്ത്രണ്ടാമത്തേത്
അത്തഹിയ്യാത്തിനും സലാത്തിനും സലാമിനും വേണ്ടി ഇരിക്കൽ
അവസാന അത്തഹിയ്യാത്തിനു ശേഷം ഉടനെ സലാം വീട്ടുകയാണെങ്കിൽ തവററുകിൻ്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അതിനാൽ ഇമാമിൻ്റെ അവസാന അത്തഹിയ്യാത്തിൽ മസ്ബൂഖും ശേഷം സഹ് വിൻ്റെ സുജൂദ് ചെയ്യുന്നവനും തവററുകിൻ്റെ ഇരുത്തം ഇരിക്കരുത്. തവററുക് ഇഫ്തിറാഷ് പോലെ തന്നെയാണ്, എങ്കിലും അവൻ്റെ ഇടതു കാലിനെ വലത് കാലിൻ്റെ ഭാഗത്തിലൂടെ പുറപ്പെടുവിക്കുകയും ചന്തിയെ നിലവുമായി ചേർത്ത് വെക്കുകയും വേണം. അവൻ്റെ കൈകളെ മുട്ടിൻകാലിൻ്റെ അറ്റത്ത് വെക്കലും വലതുകയ്യിൻ്റെ ചൂണ്ടുവിരൽ അല്ലാത്ത വിരലുകളെ കൂട്ടി വെക്കുകലും إلَّا اللَّهُ എന്നതിലെ ഹംസ ഉച്ചരിക്കുമ്പോൾ ചൂണ്ടുവിരൽ അൽപ്പം ചായ് വോടെ ഉയർത്തലും തള്ളവിരലിൻ്റെ തലയെ ചൂണ്ടുവിരലിൻ്റെ താഴെ വെക്കലും സുന്നത്താണ്. സലാം വീട്ടുന്നത് വരേക്കും അല്ലെങ്കിൽ അടുത്ത നിർത്തത്തിലേക്ക് എഴുനേൽക്കുന്നത് വരേക്കും ചൂണ്ടുവിരലിനെ ഉയർത്തൽ നിത്യമാക്കലും ചൂണ്ടുവിരലിലേക്ക് നോക്കലും സുന്നത്തുണ്ട്. നിസ്കാരം അല്ലാത്ത അവസരത്തിൽ إلَّا اللَّهُ എന്ന് പറയുമ്പോൾ ചൂണ്ടുവിരൽ ഉയർത്തൽ സുന്നത്തില്ല
പതിമൂന്നാമത്തേത്
ഒന്നാം സലാം വീട്ടൽ
സലാം വീട്ടുന്നതിൻ്റെ ചുരുങ്ങിയ രൂപം السَّلامُ عَلَيْكُمْ എന്നാണ് രണ്ടാം സലാം വീട്ടൽ സുത്തത്താണ്, ഇമാം അതിനെ ഉപേക്ഷിച്ചാലും ശെരി. ഒന്നാം സലാമിനു ശേഷം വുളൂഅ് മുറിയൽ പോലെ നിസ്കാരത്തിൻ്റെ സാധുതക്ക് വിരുദ്ധമായ വല്ലതും ഉണ്ടായാൽ രണ്ടാം സലാം വീട്ടൽ ഹറാമാണ്. وَرَحْمَة الله എന്നത് അധികമാക്കൽ സുന്നത്താണ്. وَبَرَكَاتُهُ എന്നത് മയ്യിത്ത് നിസ്കാരത്തിലല്ലാതെ അധികരിപ്പക്കൽ സുന്നത്തില്ല. ഒന്നാം സലാമിൽ വലത്തേ കവിളും രണ്ടാം സലാമിൽ ഇടത്തേ കവിളും കാണപ്പെടുന്ന രൂപത്തിൽ ഒന്നാമത്തേതിൽ വലഭാഗത്തേക്കും രണ്ടാം സലാമിൽ ഇടതു ഭാഗത്തേക്കും തിരിയൽ സുന്നത്താണ്.
അവൻ തിരിയുന്ന ഭാഗത്തേ മലക്കുകളുടേയും മുഅ്മിനുകളായ മനുഷ്യരുടെയും ജിന്നുകളുടെയും മേൽ സലാം പറയുന്നതായി കരുതൽ സുന്നത്തുണ്ട്. മഅ്മൂമിനു ഇമാമിൻ്റെയും മറ്റു മഅ്മൂമുകളുടെയും സലാമിനെ മടക്കലിനെ കരുതലും സുന്നത്തുണ്ട്. ഒന്നാം സലാം വീട്ടുന്നത് കൊണ്ട് നിസ്കാരത്തിൽ നിന്ന് പുറത്തുകടക്കുന്നു എന്ന് കരുതലും സുന്നത്താണ്. മുഖം ഖിബ് ലയിലേക്ക് മുന്നിട്ടവനായി സലാം തുടങ്ങുകയും തിരിയൽ പൂർത്തിയാവലോടെ സലാം തീരലും ഇമാമിൻ്റെ രണ്ട് സലാമിനും പൂർത്തിയായ ശേഷം മഅ്മൂമ് സലാം വിട്ടലും സുന്നത്താണ്.
പതിനാലാമത്തേത്
ക്രമപ്രകാം ചെയ്യൽ
നിസ്കരത്തിൽ മേൽ പറഞ്ഞപ്രകാരം ക്രമം പാലിക്കൽ നിർബന്ധമാണ്. റുകൂഹ് ചെയ്യുന്നതിനു മുമ്പ് സുജൂദ് ചെയ്യുന്നത് പോലെ ഒരാൾ ഒരു കർമപരമായ ഒരു റുക്നിനെ മുന്തിച്ചുകൊണ്ട് ക്രമം പാലിക്കുന്നതിൽ മനപ്പൂർവ്വം ഭംഗം വരുത്തിയാൽ നിസ്കാരം അസാധുവാകും. സലാം അല്ലാത്ത ഖൌലിയ്യായ ഘടകങ്ങൾ മുന്തിക്കുന്നത് പ്രയാസമാവുകയില്ല.
ഫതിഹക്ക് ശേഷം സൂറത്ത് ഓതുക അത്തഹിയ്യാത്തിനും സലാമിനും ശേഷം ദുആഇനെ കൊണ്ട് വരിക മുതലായവ പോലെ സുന്നത്തുകൾക്കിടയിൽ ക്രമം പാലിക്കൽ അവ സുന്നത്തായി ഗണിക്കുന്നതിന് നിബന്ധനയാണ്. ക്രമം പാലിക്കുന്നതിൽ മഅ്മൂമ് അല്ലാത്തവൻ (ഇമാം, തനിച്ച് നിസ്കരിക്കുന്നവർ) മറന്നാൽ, റുകൂഇനു മുമ്പ് സുജൂദ് ചെയ്യുന്നത് ഉദാഹരണം, അവൻ നഷ്ടപ്പെടുത്തിയത് വീണ്ടെടുക്കുന്നത് വരെ ചെയ്തതെല്ലാം വെറുതെയാവും. അടുത്ത് റക്അത്തിൽ സമാനമായ പ്രവർത്തിയിലെത്തുന്നതിനു മുമ്പ് അവനു ഓർമ്മ വന്നാൽ അവൻ അതിനെ ചെയ്യണം, ഇനി അവനു ഓർമ്മ വന്നില്ലെങ്കിൽ അടുത്ത സമാനമായ പ്രവർത്തി മതിയാവും പക്ഷേ അതിനിടയിൽ ചെയ്തതെല്ലാം വെറുതെയാവും.
എന്നാൽ മഅ്മൂമ് അവൻ ഫാതിഹ ഓതിയില്ല എന്ന് ഇമാമിൻ്റെ റുകൂഇന് ശേഷം അവൻ്റെ റുകൂഇന് മുന്നേ അറിയുകയോ സംശയിക്കുകയോ ചെയ്താൽ അവൻ ഫാതിഹ ഓതുകയും ഇമാമിൻ്റെ പിന്നിൽ പോവുകയും വേണം, ഇനി അവൻ അറിയുകയോ സംശയിക്കുകയോ ചെയ്തത് അവൻ്റെ റുകൂഇന് ശേഷമാണെങ്കിൽ അവൻ ഫാതിഹയിലേക്ക് മടങ്ങരുത്, അവൻ ഇമാമിനെ പിന്തുടരുകയും ഇമാമിൻറെ സലാമിനു ശേഷം ഒരു റക്അത്ത് നിസ്കരിക്കുകയും വേണം.