നിസ്ക്കാരത്തിൻ്റെ റുക്നുകളിൽ അഞ്ചാമത്തേത് റുകൂഅ് ആകുന്നു. റുകൂഇൻ്റെ ചുരുങ്ങിയ രൂപം: രണ്ട് ഉള്ളൻ കൈ രണ്ട് കാൽ മുട്ടുകളിലേക്ക് എത്തുന്ന രീതിയിൽ കുനിയുക. പൂർണ്ണ രൂപം: മിതമായ നിലയിൽ വിരലുകൾ വിടർത്തി രണ്ട് മുൻകൈകൾ വെളിവാക്കലോട് കൂടെ അവൻ്റെ രണ്ട് കാൽ മുട്ടുകളെ പിടിച്ച് അവൻ്റെ മുതുകും പിരടിയും സമമാക്കുക.
سُبحانَ ربِّيَ العَظيمِ و بحمدِه
അർത്ഥം:
മഹാനായ എന്റെ രക്ഷിതാവിനെ ഞാൻ സ്തുതിക്കുന്നതിനോടൊപ്പം അവന്റെ പരിശുദ്ധി ഞാൻ പ്രകീർത്തനം ചെയ്യുന്നു.
എന്ന് മൂന്ന് പ്രാവശ്യം ചൊല്ലുക. റുകൂഇലും സുജൂദിലും തസ്ബീഹിൽ ഏറ്റവും കുറഞ്ഞത് ഒരു പ്രാവശ്യമാണ്. അത് سُبحانَ الله എന്നതാണെങ്കിലും ശരി. അധികരിച്ചത് 11 പ്രാവശ്യം ചൊല്ലലാണ്. ഒറ്റക്ക് നിസ്ക്കരിക്കുന്നവനും ദീർഘിപ്പിക്കൽ തൃപ്തിപ്പെട്ട ക്ലിപ്തമാക്കപ്പെട്ട ആളുകളുടെ ഇമാമും
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِى وَبَصَرِى وَمُخِّى وَعَظْمِى وَعَصَبِى وَشَعْرِي وَبَشَرِي وَمَا اسْتَقَلَّ بِهِ قَدَمِى لِلَّهِ رَبِّ الْعَالَمِينَ
എന്ന ദിക്ർ കൂടി അധികരിപ്പിക്കണം.
റുകൂഇലും സുജൂദിലും
سُبْحَانَكَ اللّهُمَّ وَبِحَمْدِكَ اللهُمَّ اغْفِرْ لِي
എന്ന് ചൊല്ലലും സുന്നത്താണ്. മൂന്ന് തസ്ബീഹിനോട് കൂടെ
اللَّهُمَّ لَكَ رَكَعْتُ وَبِكَ آمَنْتُ وَلَكَ أَسْلَمْتُ خَشَعَ لَكَ سَمْعِى وَبَصَرِى وَمُخِّى وَعَظْمِى وَعَصَبِى وَشَعْرِي وَبَشَرِي وَمَا اسْتَقَلَّ بِهِ قَدَمِى لِلَّهِ رَبِّ الْعَالَمِينَ
എന്ന ദിക്റും കൂടി ചൊല്ലുന്നതാണ് 11 തസ്ബീഹ് ചൊല്ലുന്നതിനേക്കാൾ ശ്രേഷ്ടമായത്.
പുരുഷന് റുകൂഇലും സുജൂദിലും അവൻ്റെ രണ്ട് കൈമുട്ടുകളെ രണ്ട് ഭാഗങ്ങളെ തൊട്ടും തുടകളെ വയറിനെ തൊട്ടും അകറ്റി നിർത്തൽ സുന്നത്താണ്.സ്ത്രീക്ക് ഇവകളെ ചേർത്തുവെക്കലാണ് സുന്നത്ത്. സ്ത്രീ നിസ്ക്കാരം മുഴുവൻ അവളുടെ രണ്ട് കൈ മുട്ടുകളെ രണ്ട് ഭാഗങ്ങളിലേക്കും ചേർത്തു വെക്കണം. റുകൂഇൽ മുതുകിനെയും വിട്ട് തല കൂടുതൽ താഴ്ത്തലും റുകൂഇൻ്റെ കുറഞ്ഞ രൂപത്തേക്കാൾ ചുരുക്കലും കറാഹത്താകുന്നു. ഇരുന്ന് നിസ്ക്കരിക്കുന്നവൻ അവൻ്റെ രണ്ട് മുട്ടിന് കാലിൻ്റെ മുന്നിലേക്ക് നെറ്റി നേരിടുന്ന രീതിയിൽ കുനിയണം.
കുനിയൽ കൊണ്ട് റുകൂഅല്ലാത്ത (സുജൂദ്, ഇ അ്തിദാൽ, രണ്ട് സുജൂദിന് ഇടയിലുള്ള ഇരുത്തം) വയെ കരുതാതിരിക്കുക. അതിനാൽ തിലാവത്തിൻ്റെ സുജൂദിന് വേണ്ടി ഒരാൾ കുനിയുകയും പിന്നീടതിനെ റുകൂ ആക്കുകയും ചെയ്താൽ അത് മതിയാവുകയില്ല. മറിച്ച് അവന് നേരെ നിൽക്കുകയും ശേഷം റുകൂ ചെയ്യുകയും ചെയ്യൽ നിർബന്ധമാണ്.
ആറാമത്തേത്
ഇഅ്തിദാൽ
നിന്ന് നിസ്ക്കരിക്കുന്നവൻ ആയാലും ഇരുന്ന് നിസ്ക്കരിക്കുന്നവൻ ആയാലും റുകൂഇന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങുന്നതാണ് ഇഅതിദാൽ എന്ന് പറയുന്നത്. റുകൂഇൽ നിന്നുള്ള ഉയർച്ചയിൽ
سَمِعَ اللهُ لِمَنْ حَمِدَهُ എന്നും, നിന്നതിന് ശേഷം
رَبَّنَا لَكَ الْحَمْدُ، مِلْء السَّمَاوَاتِ وَالأَرْضِ، وَمِلْء مَا شِئْتَ مِنْ شَيْءٍ بَعْدُ
എന്നും പറയൽ സുന്നത്താണ്.
അർത്ഥം:
ഞങ്ങളുടെ രക്ഷിതാവേ, ആകാശവും ഭൂമിയും അവക്ക് പുറമെ നീ ഉദ്ദേശിക്കുന്ന എല്ലാ വസ്തുക്കളും നിറയെ സ്തുതി നിനക്കുണ്ട്
ഒറ്റക്ക് നിസ്ക്കരിക്കുന്നവനും ദീർഘിപ്പിക്കൽ തൃപ്തിപ്പെട്ട ക്ലിപ്തമാക്കപ്പെട്ട ആളുകളുടെ ഇമാമിനും
أَهْلَ الثَّنَاءِ وَالْمَجْدِ، أَحَقُّ مَا قَالَ الْعَبْدُ، وَكُلُّنَا لَكَ عَبْدٌ، لا مَانِعَ لِمَا أَعْطَيْتَ، وَلا مُعْطِيَ لِمَا مَنَعْتَ، وَلا يَنْفَعُ ذَا الْجَدِّ مِنْكَ الْجَدُّ
എന്ന ദിക്റിനെ അധികരിപ്പിക്കലും സുന്നത്തുണ്ട്. റമളാൻ അവസാന പകുതിയിലെ വിത്റിലെ ഇഅ്തിദാലിലും സുബ്ഹിയുടെ അവസാന റക്അത്തിലെ ഇഅതിദാലിലും പറയപ്പെട്ട ദിക്റിന് ശേഷം ഖുനൂത് ഓതൽ സുന്നത്താണ്. മുസ് ലിംകൾക്ക് ഇറങ്ങിയ ഒരു ദുരിതത്തേ തടുക്കാൻ വേണ്ടി മറ്റുളള ഫർള് നിസ്ക്കാരങ്ങളിലും നാസിലത്തിൻ്റെ ഖുനൂത് സുന്നത്താകുന്നു. മറ്റുള്ള ദുആകളെ പോലെത്തന്നെ പ്രശംസയുടെ സന്ദർഭത്തിലാണെങ്കിൽ പോലും ഖുനൂതിൽ രണ്ട് ചുമലിന് നേരെ കൈകൾ ഉയർത്തൽ സുന്നത്താണ്.
ഖുനൂത്:
اَللّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ فَإِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ وَلاَ يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ فَلَكَ الْحَمْدُ عَلَى مَا قَضَيْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ
സാരം…
അല്ലാഹുവേ നീ സന്മാർഗ്ഗത്തി ലാക്കിയവരോടൊപ്പം എന്നെയും നീ സന്മാർഗ്ഗ ത്തിലാക്കേണമേ. നീ ആരോഗ്യം നൽകിയവരോടൊപ്പം എനിക്കും ആരോഗ്യം നൽകേണമേ. നീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എൻ്റെ സംരക്ഷണവും നീ ഏറ്റെടുക്കേണമേ. നീ നൽകിയതിൽ എനിക്ക് നീ ബർക്കത്ത് ചെയ്യേണമേ. നീ വിധിച്ചതിൻ്റെ ആപത്തിൽ നിന്ന് എന്നെ നീ രക്ഷിക്കേണമേ. കാരണം നിശ്ചയമായും നീ വിധിക്കുന്നു. നിൻ്റെ മേൽ വിധിക്കപ്പെടുകയില്ല. നീ സ്നേഹിച്ചവൻ നിന്ദ്യനാവുകയില്ല. നീ ശത്രുത കാണിച്ചവൻ പ്രതാപിയാവുകയുമില്ല. ഞങ്ങളുടെ രക്ഷിതാവേ നീ വിശുദ്ധനും ഉന്നതനുമായിരിക്കുന്നു. നീ വിധിച്ചതിൻറെ പേരിൽ സർവ്വസ്‌തുതിയും നിനക്കാകുന്നു. നിന്നോട് ഞാൻ പാപമോചനം തേടുന്നു. നിന്നിലേക്ക് ഞാൻ ഖേദിച്ച് മടങ്ങുകയും ചെയ്യുന്നു.
ഖുനൂതിന് ശേഷം നബിﷺ യുടെയും അവിടുത്തെ കുടുംബത്തിൻ്റെയും മേൽ സ്വലാത്തും സലാമും ചൊല്ലൽ സുന്നത്താണ്.
(ചൊല്ലുന്ന രുപം:
وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدِ نِ النَّبِيِّ الأُمِّيِّ وَعَلَى آلِهِ وَصَحْبِهِ وَسَلَّمَ )
ഖുനൂതിന് പകരം ദുആഅ് ഉൾകൊള്ളുന്ന ഒരു ആയത്ത് ഖുനൂതായി കരുതി ഓതിയാലും മതിയാകുന്നതാണ്. ബഖറയിലെ അവസാന ആയത്ത് ഉദാഹരണം. അതേപ്രകാരം തനിച്ച ഒരു ദുആ ആ യാലും മതി, ഹദീസിൽ വന്നതല്ലെങ്കിലും.
ഇമാമിന് ഖുനൂത് ഉറക്കെയാക്കൽ സുന്നത്താണ്. ഇമാമിൻ്റെ ഖുനൂത് കേൾക്കുന്ന മഅ്മൂമിന് അതിലെ ദുആകൾക്ക് ഉറക്കെ ആമീൻ പറയൽ സുന്നത്താകുന്നു. നബിﷺയുടെ മേലിലുള്ള സ്വലാത്തും ദുആഇൽ പെട്ടതാണ്. അതിനാൽ സ്വലാത്തിനും മഅ്മൂമ് ആമീൻ പറയണം. അതേസമയം പ്രശംസയുടെ ഭാഗങ്ങളെ അതായത് انك تقضي മുതൽ, മഅ്മൂമ് പതുക്കെ ചൊല്ലണം. ഇനി മഅ്മൂമ് ഖുനൂത് കേൾക്കുന്നില്ലെങ്കിൽ അല്ലെങ്കിൽ മനസ്സിലാകാത്ത രൂപത്തിലാണ് കേൾക്കുന്നതെങ്കിൽ ഒറ്റക്ക് നിസ്ക്കരിക്കുന്നവനെപ്പോലെ ഖുനൂത് പതുക്കെ ഓതണം. ഇമാം اهدنا പോലെ ബഹുവചന പദങ്ങളാണ് കൊണ്ട് വരേണ്ടത്.