നിസ്ക്കാരത്തിൻ്റെ അനിവാര്യ ഘടകങ്ങൾ 14 ആകുന്നു.
ഒന്നാമത്തേത്
നിയ്യത്ത്
നിയ്യത്ത് എന്നാൽ ഹൃദയത്തിൽ കരുതലാണ്. നിശ്ചയം കർമങ്ങൾ സ്വീകാര്യമാകുന്നത് നിയ്യത്ത് കൊണ്ട് മാത്രമാണ്. ളുഹ്റെന്നോ അല്ലെങ്കിൽ മറ്റു നിസ്ക്കാരങ്ങളെന്നോ നിസ്ക്കാരത്തെ നിർണ്ണയിക്കലും, നിസ്കരിക്കുനക്കുന്നു എന്ന് കരുതലും നിയ്യത്തിൽ നിർബന്ധമാകും. അത് രണ്ട് പെരുന്നാൾ നിസ്ക്കാരം, ളുഹ്റിൻ്റെ മുമ്പോ ശേഷമോ ഉള്ള സുന്നത്ത് നിസ്ക്കാരം പോലെ ഉപാധികളില്ലാത്ത സുന്നത്ത് നിസ്ക്കാരമാണെങ്കിലും ശരി. ഫർള് നിസ്ക്കാരത്തിൽ ഫർളിനെ കരുതൽ നിർബന്ധമാണ്. അത് നേർച്ചയാക്കപ്പെട്ട നിസ്ക്കാരം അല്ലെങ്കിൽ ഫർള് കിഫയായ നിസ്കാരം എന്നവയാണെങ്കിലും ഫർളിനെ കരുതണം. ഉദാഹരണം:- ളുഹ്ർ എന്ന ഫർളിനെ ഞാൻ നിസ്ക്കരിക്കുന്നു.
റക്അത്തിൻ്റെ എണ്ണം നിർണ്ണയിക്കുക, ഖിബ് ലക്കു മുന്നിടുന്നു എന്ന് നിജപ്പെടുത്തുക. അദാഓ ഖളാഓ എന്നോ വെക്തമാക്കുക, അല്ലാഹുവിലേക്ക് ചേർത്തിപ്പറയുക എന്നിവ നിയ്യത്തിൽ സുന്നത്താണ്. തക്ബീറതുൽ ഇഹ്റാമിന് മുന്നെ നിയത്ത് നാവ്കൊണ്ട് ഉച്ചരിക്കൽ സുന്നത്താണ്. മേഘം മുടൽ പോലെ സമയം അറിയാൻ ബുദ്ധിമുട്ടുന്ന കാരണമുണ്ടായാൽ ഖളാഇൻ്റെ നിയ്യത്ത് കൊണ്ട് അദാആയ നിസ്ക്കാരരവും, അതാഇൻ്റെ നിയ്യത്ത് കൊണ്ട് ഖളാആയ നിസ്കാരവും സാധുവാകും എന്നതാണ് ഏറ്റവും സ്വഹീഹായ അഭിപ്രായം..അങ്ങനെ കാരണങ്ങളില്ലെങ്കിൽ അവൻ ദീനുകൊണ്ട് കളിക്കുന്നത് കാരണം അവൻ്റെ നിസ്ക്കാരം ബാത്വിലാകുന്നതാണ്.
രണ്ടാമത്തേത്
തക്ബീറതുൽ ഇഹ്റാം
അല്ലാഹു അക്ബർ എന്നതാണ് തക്ബീറതുൽ ഇഹ്റാമിന് നിർണ്ണിതമായ പദം. നിയ്യത്ത് തക്ബീറത്തുൽ ഇഹ്റാമിനോട് ഒപ്പമാവൽ നിർബന്ധമാണ്. അത് കൊണ്ട് തക്ബീറത്തുൽ ഇഹ്റാമിൻ്റെ ആരംമ്പത്തിൽ നിയ്യത്തിൽ പരിഗണിക്കപ്പെടുന്ന മുഴുവൻ കാര്യങ്ങളെയും മനസിൽ കൊണ്ട് വരൽ അനിവാര്യമാണ്. പിന്നെ ആ കാര്യങ്ങൾ തക്ബീറത്തുൽ ഇഹ്റാമിലെ റാ വരെ മനസ്സിൽ വേണം. ഇമാം റാഫിഈ(റ) സ്വഹീഹാക്കിയ ഒരു അഭിപ്രായം: നിയ്യത്ത് തക്ബീറിൻ്റെ ആദ്യത്തിനോട് ഒത്താൽ മതി എന്നതാണ്. മറ്റുള്ള വാചികമായ റുക്നുകൾ പോലെത്തന്നെ തക്ബീറിനെ സ്വന്തത്തെ കേൾപ്പിക്കൽ നിർബന്ധമാണ്.
തക്ബീറിലെ റാഇന് സുകൂൻ ചെയ്യൽ സുന്നത്താണ്. രണ്ട് ഉള്ളം കൈകൾ ചുമലിന് നേരെയും, രണ്ട് തള്ളവിരലുകൾ രണ്ട് ചെവിക്കുന്നിക്ക് നേരെയും, വിരലിൻ്റെ പാർശ്വങ്ങൾ ചെവിക്കു നേരെയും നേരിടുന്നതായ സ്ഥിതിയിൽ, വെളിവാക്കലോട് കൂടെ, മിതമായ നിലയിൽ വിരലുകളെ വിടർത്തി, രണ്ട് മുൻ കൈകളെയും രണ്ട് ചുമലിന് നേരെ ഉയർത്തുക. രണ്ട് കൈ ഉയർത്തുന്നത് തക്ബീറിൻ്റെ ആദ്യത്തോട് ഒത്തുവരണം. അതുപോലെ ഉയർത്തലിനെ അസാനിപ്പിക്കുത്തത് തക്ബീറിൻ്റെ അവസാനത്തോട് ഒത്തുവരണം.(അതായത് കൈകൾ ഉയത്താൻ തുടങ്ങുമ്പോൾ തക്ബീർ തുടങ്ങുകയും ചെവിയുടെ നേരേ എത്തുമ്പോൾ തക്ബീർ അവസാനിക്കുകയും വേണം) റുകൂഇലേക്ക് പോകുമ്പോഴും റുകൂഇൽ നിന്ന് ഉയരുമ്പോഴും ഒന്നാമത്തെ അത്തഹിയ്യാത്തിൽ നിന്ന് ഉയരുമ്പോഴും കൈൾ ഉയർത്തൽ സുന്നത്താണ്. വലത് കൈ കൊണ്ട് ഇടത് കൈയിൻ്റെ മണി ഖണ്ഡത്തെ പിടിച്ചവനായ നിലയിൽ നെഞ്ചിന് താഴെയും പൊക്കിളിന് മീതെയുമായി കൈകൾ വെക്കലും സുന്നത്താണ്. വാഇൽ ബ്നു ഹുജ്ർ(റ)വിൽ നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബിﷺയോട് കൂടെ ഞാൻ നിസ്കരിച്ചു. അപ്പോൾ നബിﷺതങ്ങൾ, തങ്ങളുടെ വലത് കൈ ഇടത് കൈയിൻ്റെ മുകളിലായി നെഞ്ചിന് താഴെയായി വെച്ചു.
മൂന്നാമത്തേത്
ഫർളിൽ കഴിവുള്ളവൻ നിൽക്കുക
ഫർള് നിസ്ക്കാരത്തിൽ നിൽക്കാൻ കഴിവുള്ളവൻ നിൽക്കൽ നിർബന്ധമാണ്. അത് കൂലി നൽകി ഒരു സഹായിയെ നിർത്തിയാണെങ്കിലും, നിൽക്കാൽ നിർബന്ധമാണ്. മറ്റൊരു വസ്തുവിലേക്ക് ചാരിനിൽക്കൽ കറാഹത്താണ്. നിന്ന് നിസ്ക്കരിച്ചാൽ തല കറക്കം പോലോത്തത് ഭയക്കുന്ന കപ്പൽ യാത്രികനെ പോലെ നിൽക്കാൻ പ്രയാസമുള്ളവർക്ക് ഇരുന്ന് നിസ്ക്കരിക്കാവുന്നതാണ്. ഇരിക്കൽ കൊണ്ടല്ലാതെ തൻ്റെ അശുദ്ധിയെ പിടിച്ച് വെക്കാൻ സാധിക്കാത്ത മൂത്ര വാർച്ചക്കാരനും ഇരുന്ന് നിസ്ക്കരിക്കൽ അനുവതനീയമാണ്. ഇരിക്കുന്നവന് ഏറ്റവും ശ്രേഷ്ടമായ ഇരുത്തം ഇഫ്തിറാഷിൻ്റെ ഇരുത്തമാണ്. ശേഷം തറബ്ബുഇൻ്റെ ഇരുത്തം പിന്നെ തവർററുകിൻ്റെ ഇരുത്തം എന്നതാണ് ക്രമം.
ഇരുന്ന് നിസ്ക്കരിക്കാൻ അശക്തനായവന് മുഖം കൊണ്ടും ശരീരത്തിൻ്റെ മുൻഭാഗം കൊണ്ടും ഖിബ് ലയിലേക്ക് മുന്നിട്ട്, ഒരു ഭാഗത്തിൻ്റെ മേൽ ചെരിഞ്ഞ് കിടന്ന് നിസ്കരക്കണം. കാരണം കൂടാതെ ഇടത് ഭാഗത്തേക്ക് ചെരിഞ്ഞ് കിടന്ന് നിസ്ക്കരിക്കൽ കറാഹത്താണ്. ചെരിഞ്ഞ് കിടന്ന് നിസ്ക്കരിക്കാൻ അശകതനായവൻ മലർന്ന് കിടന്ന് നിസ്ക്കരിക്കണം. അവൻ്റെ രണ്ട് ഉള്ളൻ കാലുകൾ ഖിബ് ലയിലേക്ക് നേരേയാക്കി കിടക്കണം. അവൻ്റെ മുഖം ഖിബ് ലയിലേക്ക് നേരിടാൻ വേണ്ടി തലക്ക് താഴെ തലയിണ പോലോത്തത് വെക്കൽ നിർബന്ധമാണ്. റുകൂഅ് സുജൂദ് എന്നിവക്ക് പ്രയാസമായാൽ സുജൂദിനും റുകൂഇനും ഖിബ്ലക്ക് നേരെ ആംഗ്യം കാണിക്കണം. റുകൂഇനേക്കാൾ കൂടുതൽ താഴ്ന്ന രൂപത്തിൽ സുജൂദിൽ ആംഗ്യം കാണിക്കണം. തല കൊണ്ട് ആംഗ്യം കാണിക്കാൻ സാധിക്കാതിരുന്നാൽ കൺപോളകൾ കൊണ്ട് ആംഗ്യം കാണിക്കണം. ഇനി അതിനും സാധിക്കാതെ വന്നാൽ നിസ്ക്കാരത്തിൻ്റെ പ്രവൃത്തികളെ അവൻ്റെ മനസ്സിലൂടെ നടത്തണം. അവനു ബുദ്ധിയുള്ള കാലത്തോളം നിസ്ക്കാരം അവനെത്തൊട്ട് ഒഴിവാകുന്നതല്ല.
സുന്നത്ത് നിസ്ക്കരിക്കുന്നവന് നിന്നു നിസ്ക്കരിക്കാൻ കഴിവുണ്ടായിരിക്കെ ഇരുന്നും, ഇരുന്ന് നിസ്ക്കരിക്കാൻ കഴിവുണ്ടായിരിക്കെ ചെരിഞ്ഞ് കിടന്നും സുന്നത്ത് നിസ്ക്കാരം നിർവ്വഹിക്കാവുന്നതാണ്. ചെരിഞ്ഞ് കിടന്ന് കൊണ്ട് സുന്നത്ത് നിസ്ക്കരിക്കുന്നവന് റുകൂഇലും സുജൂദിലും ഇരിക്കൽ നിർബന്ധമാണ്. ചെരിഞ്ഞ് കിടന്ന് നിസ്ക്കരിക്കാൻ സാധിക്കുന്നതോട് കൂടെ മലർന്ന് കിടന്ന് നിസ്ക്കാരം നിർവ്വഹിച്ചാൽ അത് സാധുവല്ല.. ഇമാം നവവി(റ) പറഞ്ഞു: റക്അത്തുകൾ അധികരിപ്പിക്കുന്നതിനേക്കാൾ ശ്രേഷ്ടമായത് നിർത്തത്തെ ദീർഘിപ്പിക്കലാണ്. റുകൂഅ് ദീർഘിപ്പിക്കുന്നതിനേക്കാൾ ശ്രേഷ്ടം സുജൂദ് ദീർഘിപ്പിക്കലാണ്.