നിസ്‌കാരത്തിൻ്റെ റുക്നുകൾ -2


 നാലാമത്തേത്

ഫാതിഹ ഒതൽ

നിർത്തത്തിൽ, മസ്ബൂഖിൻ്റെ റക്അത്തല്ലാത്ത എല്ലാ റക്അത്തുകളിലും അക്ഷരങ്ങളെയും ശദ്ദുകളെയും സൂക്ഷിച്ച് ബിസ്മിയോട് കൂടെ ഫാത്തിഹ ഓതൽ നിസ്ക്കാരത്തിൻ്റെ റുക്നുകളിൽ നാലാമത്തത് ആകുന്നു. ഫാതിഹയിലെ അക്ഷരങ്ങൾ 156 അകുന്നു. ഫാതിഹയിൽ നിന്ന് ഒന്നിൻ്റെയും ശേഷമുള്ളതിൻ്റെയും ഇടയിൽ ഒരു ശ്വാസോച്ഛോ സത്തിൻ്റെ സമയത്തിനേക്കാൾ വിടവ് വരാത്ത രീതിയിൽ തുടർച്ചയെയും സൂക്ഷിക്കണം. ഫാത്തിഹയിൽ അറിയപ്പെട്ട അതിൻ്റെ കോർവയനുസരിച്ച് ക്രമപ്രകാരം പാരായണം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്. ഫാത്തിഹയുടെ പരിഭാഷ മതിയാകുകയില്ല.

ഫാത്തിഹയിലെ 14 ശദ്ദുകളിൽ നിന്ന് ഒരു ശദ്ദിനെ ലഘുവായി ഉച്ചരിച്ചാൽ പാരായണം സാധുവാകുന്നതല്ല. ഒരാൾ മനപ്പൂർവ്വം ബാത്വിലാകുമെന്ന അറിവോടെ ഉദ്ദേശം മാറുന്ന രൂപത്തിൽ പിഴവ് വരുത്തിയാൽ (انعمتَ എന്നതിലെ താഇന് കസ്റോ ളമ്മോ ഉച്ചരിക്കുന്നത് ഉദാഹരണം) അവൻ്റെ നിസ്ക്കാരം അസാധുവാകുന്ന താണ്. മനപ്പൂർവ്വമല്ലെങ്കിൽ അവൻ്റെ ഖിറാഅത് അസാധുവാകും. എങ്കിലും സമയം ദീർഘിക്കുന്നതിന് മുമ്പ് ആ പിഴവിനെ നന്നാക്കി മടക്കിയാൽ പിന്നെ ഖിറാഅത് പൂർത്തിയാക്കിയാൽ മതി. പഠിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത ഓതാൻ കഴിയാത്തയാളുടെ ഖിറാആത്ത് നിരുപാതികം സാധുവാകുന്നതാണ്. ഉദ്ദേശത്തിനു മാറ്റം വരാത്ത രൂപത്തിലുള്ള പിഴവ് സംഭവിച്ചാലും ഇപ്രകാരം ഖിറാഅത്ത് സാധുവാകും. نَعْبُدُ എന്നതിലെ ദാലിനു ഫതഹ് ചെയ്യുന്നത് ഉദാഹരണം. എങ്കിലും അത്തരം പിഴവ് മനപ്പൂർവ്വം ചെയ്താൽ ഹറാമും മനപ്പൂർവ്വമല്ലെങ്കിൽ കറാഹത്തുമാണ്. ഫാത്തിഹയുടെ പദങ്ങളല്ലാത്ത മറ്റ് ദിക്റുകളോ ആയത്തുകളോ ഇടയിൽ വന്നാൽ ഫാതിഹ മടക്ക് ഓതേണ്ടതാണ്. തുമ്മിയവൻ ഹംദ് ചൊല്ലുന്നത് ഉദാഹരണം.

ഫാത്തിഹ മുഴുവൻ അറിയാതിരിക്കുകയും സമയം ഇടുങ്ങുന്നതിന് മുമ്പ് അത് പഠിക്കാൻ സാധിക്കാതെ വരികയും മുസ്ഹഫ് പോലോത്തതിൽ നോക്കി ഫാത്തിഹ പാരായണം ചെയ്യാനും പറ്റാത്ത അവസരത്തിൽ ഫാത്തിഹയുടെ അക്ഷരങ്ങളേക്കാൾ കുറയാത്ത രീതിയിൽ ഏഴ് ആയത്ത് ഓതൽ നിർബന്ധമാണ്. ഫാത്തിഹയിൽ നിന്ന് അൽപം അറിയുന്നവൻ അതിനെ ആവർത്തിക്കണം. ഫാത്തിഹക്ക് പകരം ഖുർആനിൽ നിന്ന് മറ്റ് ഏഴ് ആയത്തുകൾ അറിയാത്തവൻ ഫാത്തിഹയിലെ അക്ഷരങ്ങളുടെ കണക്കനുസരിച്ച് മറ്റ് ദിക്റുകൾ ചൊല്ലണം. അതിനും കഴിയാത്തവൻ ഫാത്തിഹയുടെ ഖദ്റനുസരിച്ച് നിൽക്കണം.

ഫാത്തിഹ ഓതുന്നതിനിടയിൽ ഒരാൾ ബിസ്മി ചൊല്ലിയോ എന്ന് സംശയിക്കുകയും ഫാത്തിഹ പൂർത്തീകരിച്ചതിന് ശേഷം താൻ ബിസ്മി ചൊല്ലിയിരിന്നു എന്ന് ഓർമ്മ വരികയും ചെയ്താൽ പ്രബലമായ അഭിപ്രായ മനുസരിച്ച് അവൻ ഫാത്തിഹയെ മടക്കണം. ഫാത്തിഹ പൂർത്തിയാക്കിയായ ശേഷം വല്ല ആയത്തും ഉപേക്ഷിച്ചോ എന്ന സംശയത്തിന് കഴമ്പില്ല.ഫാത്തിഹ പൂർത്തിയാക്കുന്നതിന് മുമ്പ് സംശയിച്ചാൽ ഫാത്തിഹ ഓതിയോ ഇല്ലയോ എന്ന് സംശയിക്കുന്നത് പോലെത്തന്നെ നിർബന്ധമായും ഫാത്തിഹ വീണ്ടും ഓതണം. ഈ വിഷയത്തിൽ ഫാത്തിഹ പോലെത്തന്നെയാണ് മറ്റ് റുക്നുകളും.

തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ജനാസ നിസ്ക്കാരമൊഴി കെയുള്ള സുന്നത്തോ ഫർളോ ആയ നിസ്ക്കാരങ്ങളിൽ സമയം നഷ്ടപ്പെടുമെന്ന് നിർഭയനായാൽ വജ്ജഹ്തു (ദുആ ഉൽ ഇഫ്തിതാഹ്) ഓതൽ സുന്നത്താണ്. നിർബന്ധമാണെന്ന അഭിപ്രായവും ഉണ്ട്. മഅ്മൂം ഇമാമിനോട് കൂടെ ഇരിക്കുകയോ, മറന്ന് കൊണ്ടാ മറ്റോ ഖിറാഅത്തിലോ അഊദു വിലോ പ്രവേശിച്ചിട്ടില്ലെങ്കിലോ ആണ് സുന്നത്താവുന്നത്. വജ്ജഹ്തുനിനു ധാരാളം ദുആകൾ ഹദീസിൽ വന്നിട്ടുണ്ട്. അതിൽ ഏറ്റവും ശ്രേഷ്ടമായത് ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്തതാണ്.

وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمٰاوٰاتِ وَالْأَرْضَ حَنِيفاً مُسْلِماً وَمٰا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاٰتِي وَنُسُكِي وَمَحْيٰايَ وَمَمٰاتِي ِللهِ رَبِّ الْعٰالَمِينَ لاٰ شَرِيكَ لَهُ وَبِذٰلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ.
സാരം...
ചൊവ്വായി ആകാശ ഭൂമികളെ പടച്ചു പരിപാലിക്കുന്ന അല്ലാഹു വിലേക്ക് ഞാൻ എൻ്റെ മുഖത്തെ മുന്നിടീക്കുന്നു. ഞാൻ മുശ്രികുകളിൽ പെട്ടവനല്ല. നിശ്ചയം എൻ്റെ നിസ്ക്കാരവും ആരാധനകളും ജീവിതവും മരണവും ലോക രക്ഷിതാവായ അല്ലാഹു വിനാണ്. അവന് പങ്കുകാരില്ല അത് കൊണ്ട് ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. ഞാൻ മുസ് ലിംകളിൽ പെട്ടവനാണ്.

അവയിൽ പെട്ടതാണ്:
الْحَمْدُ لِلَّهِ حَمْدًا كَثِيرًا طَيِّبًا مُبَارَكًا فِيهِ

അവയിൽ പെട്ടതാണ്:
اللَّهُ أَكْبَرُ كَبِيرًا وَالْحَمْدُ لِلَّهِ كَثِيرًا وَسُبْحَانَ اللَّهِ بُكْرَةً وَأَصِيلًا

ഇവ രണ്ടും ഇമാം മുസ്ലിം(റ) റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇമാം നവവി(റ) പറഞ്ഞു: ഇവ രണ്ടിൽ ഏതെങ്കിലും ഒന്ന് കൊണ്ട് ആരംഭിച്ചവൻ ദുആഉൽ ഇഫ്തിതാഹിൻ്റെ കേവല സുന്നത്ത് കരസ്ഥമാക്കിയിരിക്കുന്നു.

ഒന്നമത്തേ റക്അത്തിൽ വജ്ജഹ്തുവിന് ശേഷം അഊദു ഓതൽ ശക്തിയായ സുന്നത്താണ്. എല്ലാ റക്അത്തിലും അഊദു ഓതൽ സുന്നത്തുണ്ട്. അതിനെ ഉപേക്ഷിക്കൽ കറാഹത്തുമാണ്. ഫാത്തിഹയിലെ ഓരോ ആയത്തിൻ്റെയും അവസാനം വഖ്ഫ് ചെയ്യൽ സുന്നത്താണ്. أَنْعَمْتَ عَلَيْهِمْ എന്നിടത്ത് വഖ്ഫ് ചെയ്യാതിരിക്കലാണ് ഏറ്റവും നല്ലത്. അഥവാ അവിടെ വഖ്ഫ് ചെയ്താൽ ആ ആയത്തിൻ്റെ ആദ്യം മുതൽ മടക്കി ഓതൽ സുന്നത്തില്ല. ഫാത്തിഹയുടെ ഉടനെ അൽപ്പം അടങ്ങിയ ശേഷം ആമീൻ പറയൽ സുന്നത്താണ്. നിസ്കാരത്തിനു പുറത്തും ഫാതിഹക്ക് ശേഷം ആമീൻ പറയൽ സുന്നത്താണ്. ഉറക്കെ ഓതേണ്ട നിസ്ക്കാരങ്ങളിൽ ആമീൻ ഉറക്കെ പറയൽ സുന്നത്താണ്. رَبِّ الْعَالَمِينَ എന്ന് അധികമാക്കൽ നല്ലതാണ്. ഇമാമിൻ്റെ ഖിറാഅത്ത് കേൾക്കുന്ന മഅമൂമിന് ഉറക്കെ യാക്കേണ്ട നിസ്ക്കാരങ്ങളിൽ ഇമാമിനോട് കൂടെ ആമീൻ പറയൽ സുന്നത്താണ്.

ആമീനിനും സൂറത്തിനുമിടയിലും സൂറത്തിൻ്റെ അവസാനത്തിനും റുകൂഇൻ്റെ തക്ബീറിനുമിടയിലും തക്ബീറതുൽ ഇഹ്റാമിനും വജ്ജഹ്‌തുവിനുമിടയിലും വജ്ജഹ്തു വിനും അഊദുവിനുമിടയിലും അഊദുവിനും ബിസ്മിക്കുമിടയിലും ഒരു سُبْحَانَ اللَّهِയുടെ കണക്കനുസരിച്ച് ഒരു ചെറിയ അടക്കം സുന്നത്താണ്.

ഇമാമിനും ഒറ്റക്ക് നിസ്ക്കരിക്കുന്നവനും ആദ്യ രണ്ട് റക്അത്തുകളിൽ ഫാത്തിഹക്ക് ശേഷം ഒരു ആയത്തെങ്കിലും ഓതൽ സുന്നത്താണ്. ഏറ്റവും നല്ലത് മൂന്ന് ആയത്ത് ഓതലാണ്. തറാവീഹ് പോലെ ഭാഗികമായത് ഓതിയാൽ മതി എന്ന് ഹദീസിൽ വന്നത് പോലോത്ത നിസ്ക്കാരങ്ങളിൽ ഒഴികെ ദീർഘമായ സൂറത്തിൻ്റെ ഒരു ഭാഗം മാത്രം ഓതുന്നതിനേക്കാൾ പൂർണ്ണമായ ഒരു സൂറത് ഓതലാണ് ഏറ്റവും ശ്രേഷ്ടമയിട്ടുളളത്. സൂറത്ത് ഓതലിനെ ഉപേക്ഷിക്കൽ കറാഹത്താണ്. മസ്ബൂഖിനല്ലാതെ അവസാന രണ്ട് റക്അത്തുകളിൽ സൂറത്ത് ഓതൽ സുന്നത്തില്ല. ഫാത്തിഹയിൽ പ്പെട്ടതാണെന്ന ഉദ്ദേശമില്ലാതെ ഒരു ബിസ്മി ഓതിയാലും കേവല സുന്നത്തിൻ്റെ കൂലി കരസ്ഥമാകും. ഒരു സൂറത്തിൻ്റെ ഇടയിൽ നിന്ന് ഓതുമ്പോഴും ബിസ്മി ഓതൽ സുന്നത്താകുന്നു. രണ്ടാമത്തേ റക്അത്തിൽ ദീർഘിപ്പിക്കുന്നതിന് വ്യക്തമായ അഭിപ്രായം ഇല്ലാത്തിടത്തോളം രണ്ടാമത്തേതിനേക്കാൾ ഒന്നാമത്തേ റക്അത്തിലെ സൂറത്തിലെ ദീർഘിപ്പിക്കൽ സുന്നത്താണ്. ശേഷമുള്ള സൂറത് ദീർഘമായതല്ലെങ്കിൽ തുടർച്ചയും മുസ്ഹഫിൻ്റെ ക്രമവും അനുസരിച്ച് ഓതണം. മുസ്ഹഫിലെ ക്രമവും ദീർഘമായതും എതിരായി വന്നാൽ അവിടെ മുസ്ഹഫിലെ ക്രമം പരിഗണിക്കലാണ് ഏറ്റവും നല്ലത്. ഇമാമിൻ്റെ ഖിറാഅത് കേൾക്കുന്ന മഅമൂമിന് സൂറത് ഓതൽ കറാഹത്താണ്. ഇമാമിൻ്റെ ഖിറാഅത് കേൾക്കാതിരിക്കുകയോ അക്ഷരങ്ങൾ വ്യക്തമല്ലാത്ത രീതിയിൽ കേൾക്കുകയോ ചെയ്യുന്നവൻ പതുക്കെ സൂറത് ഓതാണം.

യാത്രക്കാരനല്ലാത്തവന് ജുമുഅയിലും വെള്ളിയാഴ്ചയുടെ ഇശാഇലും സൂറതുൽ ജുമുഅയും സൂറതുൽ മുനാഫിഖൂനും അല്ലെങ്കിൽ സബ്ബി ഹിസ്മയും ഹൽഅതാകയും ഓതൽ സുന്നത്താണ്. വെള്ളിയായ്ചയുടെ സുബ്ഹിയിൽ സജദ സൂറത്തും ഇൻസാൻ സൂറത്തും ഓതലും, വെള്ളിയാഴ്ചയുടെ മഗ്രിബിൽ സൂറതുൽ കാഫിറൂനും സൂറതുൽ ഇഖ്ലാസും ഓതലും സുന്നത്താകുന്നു. വെള്ളിയാഴ്ച സുബ്ഹിലും സൂറതുൽ കാഫിറൂനും സൂറതുൽ ഇഖ്ലാസും ഓതൽ സുന്നത്താകുന്നു. യാത്രക്കാരന് വെള്ളിയാഴ്ചയുടെയും അല്ലാത്തെയും സുബ്ഹിയിലും, സുബ്ഹിയുടെയും മഗ്രിബിൻ്റെയും രണ്ട് റക്അത്ത് സുന്നത്തുകളിലും, ത്വവാഫ്, തഹിയ്യത്ത്, ഇസ്തിഖാറത്ത്, ഇഹ്റാം എന്നിവയുടെ സുന്നത്തുകളിലും സൂറതുൽ കാഫിറൂനും സൂറതുൽ ഇഖ്ലാസും ഓതൽ സുന്നത്താണ്. മഗ് രിബിൽ قصار المفصل ആയ സൂറത്തുകളും സുബ്ഹിയിൽ طوال المفصل ഉം ളുഹ്റിൽ قصار المفصل നോട് അടുത്ത സൂറത്തുകളും ഇശാഇലും അസ്വറിലും أوساط المفصل ആയ സൂറത്തുകളും ഓതൽ സുന്നത്താകുന്നു. ഇബ്നു മഅൻ എന്നവർ പറഞ്ഞു: طوال المفصل എന്നാൽ സൂറതുൽ ഹു ജുറാത് മുതൽ സൂറത്തു ന്നബഅ് വരെയുള്ള സൂറത്തുകളും أوساط المفصل എന്നാൽ സൂറത്തു ന്നബഅ് മുതൽ സൂറത്തുള്ളുഹാ വരെയുള്ള സൂറത്തുകളും قصار المفصل എന്നാൽ സൂറത്തുള്ളുഹാ മുതൽ ഖുർആൻ്റെ അവസാനം വരെയുള്ള സൂറത്തുകളുമാണ്.

സുഹ്ഹിയിലും മഗ് രിബ്, ഇശാഅ് എന്നിവയിലെ ആദ്യ രണ്ട് റക്അത്തിലും ജുമുഅയിലും സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ ഖളാഅ് വീട്ടപ്പെടുന്ന നിസ്ക്കാരങ്ങളലും മഅ്മൂമല്ലാത്തവന് ഖിറാഅത്ത് ഉറക്കെ ഓതൽ സുന്നത്താണ്. രണ്ട് പെരുന്നാൾ നിസ്ക്കാരങ്ങൾ (ഖളാ ആയിട്ടാണെങ്കിൽ പോലും) തറാവീഹ്, റമളാനിലെ വിത്റ് നിസ്ക്കാരം ചന്ദ്രഗ്രഹണ നിസ്ക്കാരം എന്നിവയിലും സുന്നത്താണ്.

മഅ്മൂമിന് ഉറക്കെയാക്കൽ കറാഹത്താണ്. രാത്രിയിൽ നിരുപാധികം നിസ്ക്കരിക്കുന്ന സുന്നത്ത് നിസ്ക്കാരങ്ങളിൽ ഉറക്കെയാക്കുന്നതിൻ്റെയും പതുക്കെയാക്കുന്നതിൻ്റെയും ഇടയിൽ മിതത്വം പാലിക്കണം. റുകൂഇൽ നിന്നുള്ള ഉയർച്ചയിലല്ലാത്ത എല്ലാ ഉയർച്ചയിലും താഴ്ച്ചയിലും തക്ബീർ ചൊല്ലൽ സുന്നത്താണ്. ഏതിലേക്കാണോ നീങ്ങുന്നത് അതിലേക്ക് എത്തുന്നത് വരെ തക്ബീറിനെ നീട്ടൽ സുന്നത്താണ്. ഇമാമിന് തക്ബീർ ഉറക്കെയാക്കൽ സുന്നത്താണ്(അവൻ തക്ബീർ കൊണ്ട് ദിക്റിനെയോ അല്ലെങ്കിൽ ദിക്റിനെയും കൂടെ മഅ്മൂമിനെ കേൾപ്പിക്കലിനെയും കരുതിയാൽ മാത്രം). കേൾപ്പിക്കലിനെ മാത്രം കരുതിയാൽ നിസ്ക്കാരം ബാത്വിലാകുന്നതാണ്. ഒറ്റക്ക് നിസ്ക്കരിക്കുന്നവനും മഅമൂമിനും തക്ബീർ ഉറക്കെയാക്കൽ കറാഹത്താണ്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad