ബാങ്ക്, ഇഖാമത്

 

ഒറ്റക്ക് നിസ്ക്കരിക്കുന്നവനായാലും കുട്ടിയാണെങ്കലും ഫർള് നിസ്ക്കാരങ്ങൾക്ക്, പുരുഷന് ബാങ്കും ഇഖാമത്തും സുന്നത്ത് കിഫായയാണ്. അത് നഷ്ടപ്പെട്ട നിസ്ക്കാരമാണെങ്കിലും. ഇവകളല്ലാത്ത നേർച്ചയാക്കപ്പെട്ട നിസ്ക്കാരം, ജനാസ നിസ്ക്കാരം, മറ്റ് സുന്നത്ത് നിസ്ക്കാരങ്ങൾ എന്നിവക്ക് ബാങ്കും ഇഖാമത്തും സുന്നത്തില്ല. സ്ത്രീകൾക്ക് ഇഖാമത്ത് പതുക്കെ സുന്നത്താണ്. സ്ത്രീകൾക്ക് പതുക്കെ ബാങ്ക് കൊടുത്താൽ കറാഹത്തില്ല. ഉറക്കെയാക്കിയാൽ ഹറാമാണ്.

ബാങ്ക് ഇഖാമത്തിൻ്റെ നിബന്ധനകൾ:

1.ക്രമപ്രകാരമായിരിക്കുക
2. ബാങ്കിൻ്റെയും ഇഖാമത്തിൻ്റെയും പദങ്ങൾക്കിടയിൽ തുടർച്ചയുണ്ടാവുക
3.ബാങ്ക് കൊടുക്കുന്ന അവസരത്തിലും ഒരു ജമാഅത്തിന് വേണ്ടി ഇഖാമത്ത് കൊടുക്കുന്ന സമയത്തും ഉറക്കെയാക്കുക

ബാങ്ക് കൊടുക്കുന്ന അവസരത്തിലും ജമാഅത്തിന് വേണ്ടി ഇഖാമത്ത് കൊടുക്കുന്ന അവസരത്തിലും അവയുടെ മുഴുവൻ പദങ്ങളും ഒരാളെയെങ്കിലും കേൾപ്പിക്കേണ്ടതാണ്. ഒറ്റക്ക് നിസ്ക്കരിക്കാൻ ബാങ്കും ഇഖാമത്തും കൊടുക്കുന്നവൻ സ്വശരീരത്തെ കേൾപ്പിച്ചാൽ മതി

4. സുബ്ഹിയുടെ ബാങ്കല്ലാത്തതിൽ സമയം പ്രവേശിക്കുക. അതേസമയം സുബ്ഹി ബാങ്ക് അർദ്ധരാത്രി മുതൽ സാധുവാകുന്നതാണ്.

ബാങ്ക് ഇഖാമത്തിൻ്റെ സുന്നത്തുകൾ:

1. നിന്ന് നിർവഹിക്കുക
2. ഖിബ് ലക്ക് മുന്നിടുക
3. حي على الصلاة എന്നതിൽ വലത് ഭാഗത്തേക്കും حي علا الفلاح എന്നതിൽ ഇടത് ഭാഗത്തേക്കും മുഖം തിരിക്കുക. നെഞ്ച് തിരിക്കരുത്.
4. ഓരോ പദങ്ങളെയും കരുതലോടെ സാവകാശം (അവധാനതയോടെ) ബാങ്ക് വിളിക്കുക
5. ഈരണ്ട് പദങ്ങളായി ഇഖാമത്ത് കൂട്ടി വിളിക്കുക. ഒന്നാമത്തെ തക്ബീറിൽ ഏറ്റവും നല്ലത് റാ ഇന് സുകൂൻ ചെയ്യലാണ്. സാഹിതീയമായി ഏറ്റവും നല്ലത് محمد എന്നതിലെ ദാനിനു ളമ്മും, رسول الله എന്നതിലെ റാഇൽ ഇതിഗാമും ചെയ്യലാണ്. الصلاة എന്നതിൽ ഹാഇനെ ഉച്ചരിക്കൽ അനിവാര്യമാണ്.
അശുദ്ധിക്കാരനും കുട്ടിക്കും ബാങ്കും ഇഖാമത്തും കറാഹത്താണ്.

ബാങ്കിൻ്റെയും ഇഖാമത്തിൻ്റെയും അക്ഷരങ്ങൾ വേർതിരിച്ച് മനസ്സിലാകുന്ന രീതിയിൽ അവകളെ കേൾക്കുന്നവന് രണ്ട് ഹയ്യാലകളിലൊഴികെ അത് പോലെ പറയൽ സുന്നത്താണ്. രണ്ട് ഹയ്യാലകളിൽ

لَا حَوْلَ وَ لَا قُوَّةَ اِلَّا بِاللهِ الْعَلِيِّ الْعَظِيمْ
എന്ന് പറയണം. സുബ്ഹി ബാങ്കിലെ തസ് വീബി (الصلاة خير من النوم) ൽ

صَدَقْتَ وَ بَرِرْتَ
എന്ന് പറയണം. ഇഖാമത്തിൻ്റെ രണ്ട് പദങ്ങളിൽ

اَقَامَهَا اللهُ وَاَدَامَهَا وَجَعَلَنِي مِنْ صَالِحِي اَهْلِهَ
എന്ന് പറയണം.

ജനാബത്തുകാരനായാലും ഹൈളുകാരിയായാലും ബങ്കിനു മറുപടി പറയൽ സുന്നത്താണ്. ബാങ്കിൽ നിന്ന് അൽപം കേട്ടാൽ കേട്ടതിലും കേൾക്കാത്തതിലും മറുപടി പറയൽ സുന്നത്തുണ്ട്. ഒരുപാട് ബാങ്ക് വിളിക്കുന്നവർ ക്രമപ്രകാരം ബാങ്ക് വിളിച്ചാൽ എല്ലാ ബാങ്കിനും ഇജാബത്ത് ചെയ്യണം. അത് അവൻ്റെ നിസ്ക്കാരം കഴിഞ്ഞതിന് ശേഷമാണെങ്കിൽ പോലും. ആദ്യത്തെ ബാങ്കിന് ഇജാബത്ത് ചെയ്യാതിരിക്കൽ കറാഹത്താണ്. ഇജാബത്തിന് വേണ്ടി ഭിക്റ് ദുആകളെയും ഖുർആൻ പാരായണത്തെയും അവസാനിപ്പിക്കണം.

സംയോഗം ചെയ്യുന്നവനും മലമൂത്ര വിസർജ്ജനം നടത്തുന്നവനും ഇജാബത് ചെയ്യൽ കറാഹത്താണ്. നിസ്ക്കരിക്കുന്നവനെ പോലെത്തന്നെ അവരും അതിൽ നിന്നും വിരമിച്ച ശേഷം ഇജാബത് ചെയ്യണം (ബാങ്കിനും ഇജാബതിനും ഇടയിലുള്ള സമയം ദീർഘമായില്ലങ്കിൽ). കുളിപ്പുരയിലുള്ളവനും വായയിലൊഴികെ ശരീരത്തിൽ നജസുള്ളവനും ആ ന ജസ് വൃത്തിയാക്കൽ സൗകര്യമായാലും, ഇജാബത് ചെയ്യൽ കറാഹത്താവുകയില്ല.

ബാങ്കിൽ നിന്നും ഇഖാമത്തിൽ നിന്നും വിരമിച്ചവന് നബി(സ്വ)യുടെ മേൽ സ്വലാത്തും സലാമും ചൊല്ലൽ സുന്നത്താണ്. പിന്നീട് അവൻ കൈകൾ മേൽപ്പോട്ട ഉയർത്തി ചൊല്ലണം:

اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاةِ الْقَائِمَةِ آتِ مُحَمَّدًانِ الْوَسِيلَةَ وَالْفَضِيلَةَ وَالدَّرَجَةَ الرَّفِيعَةَ وَابْعَتْهُ مَقَامًا معَمُودًانِ الَّذِي وَعَدتَّهُ وَارْزُقْنَا شَفَاعَتَهُ يَوْمَ الْقِيَامَةِ إِنَّكَ لاَ تُخْلِفُ الْمِيعَادْ

വസ്വീലത്ത് എന്നാൽ സ്വർഗ്ഗത്തിലെ ഉയർന്ന പദവിയാണ്. മഖാമുൽ മഹ്മൂദ് എന്നാൽ ഖിയാമത് നാളിൽ വിധി പറയുന്ന സമയത്ത് ശഫാഅത്തിനുള്ള പദവിയാണ്. മഗ് രിബിൻ്റെ ബാങ്കിന് ശേഷം

اللَّهُمَّ هَذَا إِقْبَالُ لَيْلِكَ، وَإِدْبَارُ نَهَارِكَ، وَأَصْوَاتُ دُعَاتِكَ، فَاغْفِرْ لِي

എന്ന് പറയൽ സുന്നത്താണ്. ഇഖാമത്തിന് മുമ്പ് നബി (സ്വ) യുടെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.ബാങ്കിനും ഇഖാമത്തിനും ശേഷം محمد رسول الله എന്ന് പറയയൽ സുന്നത്തില്ല. ബാങ്കിനും ഇഖാമത്തിനും ഇടയിൽ ആയത്തുൽ കുർസിയ്യ് ഓതൽ സുന്നത്താണ്.

നിസ്ക്കാരങ്ങൾക്ക് വേണ്ടിയല്ലാതെയും ബാങ്ക് സുന്നത്താകും.തീ പിടിത്തമുണ്ടാകുന്ന സമയത്ത്, മനുഷ്യൻ്റെയോ മൃഗങ്ങളുടെയോ സ്വഭാവം മോശമാവുക, ദേഷ്യം പിടികൂടുക, ബോധരഹിതനാവുക, ടെൻഷനുണ്ടാവുക എന്നീസമയങ്ങളിലെല്ലാം ബാങ്ക് സുന്നത്താകുന്നതാണ്. യാത്രക്കാരൻ്റെ പിന്നിലും പ്രസവിക്കപ്പെട്ട കുട്ടിയുടെ ചെവിയിലും ബാങ്കും ഇഖാമത്തും സുന്നത്താകുന്നു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad