സമയം ആയെന്ന് അറിയൽ


നിസ്ക്കാരത്തിൻ്റെ നിബന്ധനകളിൽ നാലാമത്തതാണ് ഇത്. സമയം പ്രവേശിച്ചെന്ന ധാരണയില്ലാതെ ഒരാൾ നിസ്ക്കാരം നിർവ്വഹിച്ചാൽ അത് സമയത്ത് സംഭവിച്ചാൽ പോലും സാധുവാകുന്നതല്ല.

സൂര്യൻ മധ്യത്തിൽ നിന്ന് നീങ്ങിയത് മുതൽ ഒരു വസ്തുവിൻ്റെ നിഴൽ അതിനോളമാകുന്നത് വരെയാണ് ളുഹ്റിൻ്റെ സമയം. ഇസ്തിവാ ഇൻ്റെ നിഴൽ (സൂര്യൻ മധ്യത്തിലാകുമ്പോഴുള്ള നിഴൽ) ഒഴികെ. ളുഹ്റിന് ശ്രേഷ്ഠമായ സമയമുണ്ട്. ബാങ്ക് കൊടുക്കുക, ഔറത് മറക്കുക, വുളൂഅ് എടുക്കുക, അൽപം ഭക്ഷിക്കുക,റവാത്തിബ് സുന്നത്തോട് കൂടി നിസ്ക്കരിക്കുക, എന്നിവക്കുള്ള സമയത്തിൻ്റെ കണക്കനുസരിച്ച് ളുഹ്റിൻ്റെ ആദ്യ സമയമാണ് ശ്രേഷ്ടമായ സമയം.പിന്നീട് അവസാന സമയം വരെ ഇഖ്തിയാറിൻ്റെ സമയമാണ്.

ളുഹ്റിൻ്റെ സമയത്തിൻ്റെ അവസാനം മുതൽ സൂര്യൻ്റെ വട്ടം പൂർണ്ണമായി അസ്തമിക്കുന്നത് വരെയാണ് അസറിൻ്റെ സമയം .അസറിന് 4 സമയങ്ങളുണ്ട്.
1. ശ്രേഷ്ടതയുടെ സമയം: ളുഹ്റിലെ പോലെത്തന്നെ ആദ്യ സമയമാണ് ശ്രേഷ്ടമായ സമയം.
2. ഇഖ്തിയാറിൻ്റെ സമയം: ഒരു വസ്തുവിൻ്റെ നിഴൽ അതിൻ്റെ ഇരട്ടിയാകുന്നത് വരെയുള്ള സമയം.
3. ജവാസിൻ്റെ(അവുവതനീയം) സമയം: ചക്രവാളം മഞ്ഞയാകുന്നത് വരെയാണത്.
4. കറാഹത്തിൻ്റെ സമയം: അവസാനസമയം വരെ.

സൂര്യസ്തമയം മുതൽ ശഫഖുൽ അഹ്മർ (മേഘത്തിലുണ്ടാവുന്ന കടും ചുവപ്പു നിറം) മായുന്നത് വരെയാണ് മഗ്രിബിൻ്റെ സമയം.

ശഫഖുൽ അഹ്മർ മാഞ്ഞത് മുതൽ ഫജ്റു സ്വാദിഖ് വെളിവാകുന്നത് വരെയാണ് ഇശാ ഇൻ്റെ സമയം. ഇശാ ഇന് 3 സമയങ്ങളുണ്ട്.
1. ശ്രേഷ്ടമായ സമയം: അത് ആദ്യ സമയമാണ് .
2. ഇഖ്തിയാറിൻ്റെ സമയം: അത് രാത്രിയുടെ മൂന്നിലൊന്ന് വരെയാണ്.
3. ജവാസിൻ്റെ സമയം: ഫജ്റുസ്സ്വാദിഖ് വെളിവാകുന്നത് വരെയാണത്.

ഫജ്റു സ്വാദിഖ് വെളിവായത് മുതൽ സൂര്യൻ അൽപം ഉദിക്കുന്നത് വരെയാണ് സുബ്ഹിയുടെ സമയം. സുബ്ഹിക്ക് 4 സമയങ്ങളുണ്ട്.
1. ശ്രേഷ്ടമായ സമയം: ആദ്യ സമയം.
2. ഇഖ്തിയാറിൻ്റെ സമയം: പ്രകാശം പറക്കുന്നത് വരെ.
3. ജവാസിൻ്റെ സമയം: ചക്രവാളത്തിൽ ചുവപ്പ് പ്രത്യക്ഷമാകുന്നത് വരെ.
4. കറാഹത്തിൻ്റെ സമയം: ഉദയം വരെ.


ഫർള് നിസ്ക്കാരങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ടമായത് അസറ് നിസ്കാരമാണ്. പിന്നെ സുബ്ഹി, ശേഷം ഇശാഅ്, ശേഷം ളുഹ്ർ, ശേഷം മഗ്രിബ് എന്നിങ്ങനെയാണ് ശ്രേഷ്ടതയുടെ ക്രമം. നിസ്ക്കാരം അതിൻ്റെ ആദ്യ സമയത്ത് നിർഹിക്കൽ നിർബന്ധമാണ്. എങ്കിലും സമയത്ത് തന്നെ നിർവ്വഹിക്കുമെന്ന ദൃഢനിശ്ചയത്തോടെ പിന്തിപ്പിക്കാവുന്നതാണ്. നിസ്ക്കാരത്തെ സമയത്തിലായി ഒരു റക്അത്ത് നിർവഹിച്ചാൽ ആ നിസ്ക്കാരം മുഴുവൻ അദാആയി സംഭവിക്കുന്നതാണ്. മറിച്ച് ഒരു റക്അത്തും സമയത്തിലായി നിർവഹിച്ചിട്ടില്ലെങ്കിൽ ആ നിസ്ക്കാരം മുഴുവൻ ഖളാആയി പരിഗണിക്കുന്നതാണ്. ഒരു റക്അത്ത് സമയത്ത് നിർവഹിച്ചാൽ തന്നെ സമയത്തിനു പുറത്ത് സംഭവിച്ച ബാക്കി നിസ്ക്കാരത്തിന് അവൻ കുറ്റക്കാരനാകും. എങ്കിലും ജുമുഅയല്ലാത്ത നിസ്ക്കാരം ഖിറാഅത്ത് കൊണ്ടോ ദിക്റ് കൊണ്ടോ ദീർഘിക്കുകയും സമയത്തിനു പുറത്തു കടക്കുകയും ചെയ്താൽ (നിസ്കാരം പൂർത്തീകരിക്കാൻ വിശാലമായ ഒരു സമയത്ത് അവൻ നിസ്ക്കാരത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ) കറാഹത് കൂടാതെ അനുവദനീയമാകുന്നതാണ്. നിസ്ക്കാരം മുഴുവൻ സമയത്ത് തന്നെ സംഭവിക്കാൻ വേണ്ടി നിസ്കാരത്തിൻ്റെ റുക്നുകളുടെ മേൽ ചുരുക്കൽ സുന്നത്തില്ല. നിസ്കാരം അതിൻ്റെ ആദ്യ സമയത്ത് തന്നെ ത്വരിതപ്പെടുത്തൽ സുന്നത്താണ്. സമയം ഇടുങ്ങിട്ടില്ലെങ്കിൽ സമയത്തിനിടയിൽ ജമാഅത്തിന് ഉറപ്പുള്ളതിനാൽ നിസ്ക്കാരം പിന്തിക്കൽ സുന്നത്താണ്. ജമാഅത്ത് ലഭിക്കും എന്ന് മികച്ച ധാരണയുണ്ടെങ്കിൽ മാത്രം നിസ്ക്കാര പിന്തിപ്പിക്കൽ സുന്നത്താണ്. ജമാഅത്ത് ലഭിച്ചേക്കാം എന്ന സംശയമാണെങ്കിൽ നിസ്ക്കാരം പിന്തിപ്പിക്കൽ സുന്നത്തില്ല.


അറഫ നഷ്ടപ്പെടൽ കാരണം ഹജജ് നഷ്ടപ്പെടും എന്ന് ഇഹ്റാം കെട്ടിയവൻ ഭയന്നാൽ ഇശാനിസ്ക്കാരത്തെ നിർബന്ധമായും അവൻ പിന്തിപ്പിക്കണം. തടവിലാക്കപ്പെട്ടവനെയോ മുങ്ങി മരിക്കുന്നവനെയോ കണ്ടവൻ അവനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടി (അവനെ രക്ഷിച്ചാൽ സമയം ഖളാ ആകുമെങ്കിലും ശരി) നിർബന്ധമായും നിസ്ക്കാരത്തെ പിന്തിപ്പിക്കണം.


സമയം കഴിയുന്നതിന് മുമ്പ് സാധാരണ പോലെ സ്വയം ഉണരും അല്ലെങ്കിൽ മറ്റൊരാൾ വിളിച്ചുണർത്തും എന്ന ധാരണയോട് കൂടെ നിസ്ക്കാരത്തിന് സമയം പ്രവേശിച്ച ശേഷം നിസ്ക്കാരം നിർവ്വഹിക്കാതെ ഉറങ്ങൽ കറാഹത്താണ്. ഉറക്കം അവനെ വല്ലാതെ പിടികൂടിയിട്ടില്ലെങ്കിൽ മേൽ പറഞ്ഞ ധരണയില്ലാതെയുള്ള ഉറക്കം ഹറാമാണ്.


തഹ്രീമിമിൻ്റെ കറാഹത്ത് വരുന്ന സമയങ്ങൾ

സുബ്ഹിയുടെ സിസ്കരിച്ചതിന് ശേഷം സൂര്യൻ ഒരു കുന്തത്തിൻ്റെ കണക്ക് ഉയരുന്നത് വരെ/ അസറ് നിസ്കാരത്തിന് ശേഷം സൂര്യാസ്തമനം വരെ/ വെള്ളിയാഴ്ചയല്ലാത്ത ദിവസങ്ങളിൽ സൂര്യൻ മധ്യത്തിലാകുന്ന സമയം, എന്നീ സമയങ്ങളിൽ

ഖളാആയ ഫർള് നിസ്ക്കാരം, കറാഹത്തായ സമയത്തേക്ക് പിന്തിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത സുന്നത്ത് നിസ്ക്കാരം, പതിവാക്കിയ സുന്നത്ത് നിസ്ക്കാരം എന്നീ നിസ്ക്കാരങ്ങളല്ലാത്ത,

യാത്രയുടെ രണ്ട് റക്അത്ത്, ഇഹ്റാമിൻ്റെ രണ്ട് റക്അത്ത് മുതലായ പിന്തിയ കാരണങ്ങളുള്ള നിന്ന് ക്കാരം, മുത്ലഖായ സുന്നത്ത് നിസ്ക്കാരം പോലെ കാരണങ്ങളില്ലാത്ത നിസ്ക്കാരം എന്നീ നിസ്ക്കാരങ്ങൾ

മക്കയിലെ ഹറമല്ലാത്തിടത്ത് വെച്ച് നിർവ്വഹിക്കൽ തഹ് രീമിൻ്റെ കറാഹത്താണ്.

ഒരാൾ നിർണ്ണിത സമയത്തല്ലാത്ത ഒരു നിസ്ക്കാരത്തെ കറാഹത്തായ സമയത്ത് നിർവ്വഹിക്കാൻ നിർബന്ധം പിടിച്ചാൽ അത് കറാഹത്താകലോട് കൂടെ ത്തന്നെ നിരുപാധികം ഹറാമുമാകും. അത് നഷ്ടപ്പെട്ട നിസ്ക്കാരമാണെങ്കിൽ പോലും സാധുവാകുകയില്ല. അത് വേഗത്തിൽ ഖളാഅ് വീട്ടൽ നിർബന്ധമാണ്. കാരണം അവൻ ദീനിനോട് മത്സരിക്കുന്നവനാണ്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad