ഔറത് മറക്കൽ നിസ്കാരത്തിൻറെ ശർത്തുകളിൽ പെട്ടതാണ്.
പുരുഷൻ്റെ ഔറത് മുട്ട് പൊക്കിളിൻ്റെ ഇടയിലുള്ള ഭാഗമാണ്. ഒഴിഞ്ഞ സ്ഥലത്തോ അല്ലെങ്കിൽ ഇരുട്ടുള്ള സ്ഥലത്തോ ആണ് അവൻ നിസ്ക്കരിക്കുന്നതെങ്കിൽ പോലും നിസ്ക്കാരത്തിൽ ഔറത്ത് മറക്കൽ അവന് നിർബന്ധമാണ്. പൂർണ്ണമായി ഔറത് മറച്ചു എന്നുറപ്പാക്കാൻ വേണ്ടി മുട്ടിൽ നിന്നും പൊക്കിളിൽ നിന്നും അല്പം മറക്കൽ നിർബന്ധമാണ്.
സ്തീയുടെ ഔറത്തുകൾ 5 ആകുന്നു.
1. വിജനതയിൽ: മുട്ട് പൊക്കിളിൻ്റെ ഇടയിലുള്ള ഭാഗം .
2. അമുസ്ലിംകളും തെമ്മാടികളുമായ സ്ത്രീകളുടെ അരികിൽ: ജോലി സമയത്ത് വെളിവാകാത്ത ഭാഗം. തല, മുഖം ,പിരടി, രണ്ട് കൈകൾ തോളൻ കൈ വരെയും, രണ്ട് കാലുകൾ മുട്ട് വരെയും എന്നിവയാണവ.
3. നിസ്ക്കാരത്തിൽ: മുഖവും രണ്ട് മുൻ കൈയുമല്ലാത്ത മുഴുവൻ ശരീവും.
4. അന്യപുരുഷന്മാരുടെ അടുക്കൽ: ശരീരം മുഴുവൻ.
5. ഭർത്താവിൻ്റെ അടുക്കൽ: ഔറത്തില്ല.
നിസ്ക്കാരത്തിൽ സ്ത്രീ (ചെറിയ കുട്ടിയാണെങ്കിലും ശരി) മുഖവും മുൻകൈകൾ ഉള്ളും പുറവും (മണി ബന്ധം വരെയുള്ള ഭാഗം) ഒഴികെ ബാക്കി മുഴുവൻ ശരീരവും മറക്കൽ സ്ത്രീക്ക് നിർബന്ധമാണ്. അഭിസംബോധനയുടെ അവസരത്തിൽ തൊലിയുടെ നിറം വിശേഷിപ്പിക്കാനാവാത്ത രൂപത്തിലുള്ളതായിരിക്കണം മറക്കുന്ന വസ്ത്രം. അവയവങ്ങളുടെ ഘടനയെ വിവരിക്കുന്ന വസ്ത്രം പ്രശ്നമില്ല .എങ്കിലും ഖിലാഫുൽ ഔലയാണ് (നല്ലതിനെതിരാണ്). മുകളിൽ നിന്നും ഭാഗങ്ങളിൽ നിന്നും മറയുണ്ടാവലാണ് നിർബന്ധം. താഴെ നിന്ന് മറയുണ്ടാവൽ നിർബന്ധമില്ല.
ഔറത്ത് മറക്കാൻ സാധിക്കാത്തവൻ
ഔറത്ത് മറക്കാൻ വസ്ത്രമോ വസ്ത്രം പോലോത്തതോ ഇല്ലാതെയായാൽ മണ്ണ് കൊണ്ട് മറക്കൽ നിർബന്ധമാക്കും. അപ്പോൾ അശക്തന് നഗ്നനനായി നിസ്ക്കരിക്കൽ നിർബന്ധമാണ്. ആ നിസ്കാരത്തേ അവൻ മടക്കേണ്ടതില്ല, അവിടെ വൃത്തിയാക്കൽ പ്രയാസകരമായ നജസുള്ള മറ ലഭ്യമാണെങ്കിലും ശെരി. എന്നാൽ നജജിസായതിനെ ശുദ്ധിയാക്കൽ സൗകര്യമാകുന്നവൻ നഗ്നനായി നിസ്ക്കരിക്കരുത്; നിസ്ക്കാരത്തിൻ്റെ സമയം പുറപ്പെട്ടാലും ശരി, അതിനെ അവൻ വൃത്തിയാക്കണം. ഒറത്തിൽ നിന്ന് അൽപം മറക്കാൻ സാധ്യമായാൽ അവൻ ലഭ്യമായത് കൊണ്ട് മറക്കൽ നിർബന്ധമാണ്. അങ്ങനെ മറക്കുമ്പോൾ ഗുഹ്യഭാഗങ്ങളെ അവൻ മുന്തിക്കണം.അതിൽ തന്നെ മുൻഭാഗത്തിനു മുൻഗണന നൽകണം. ഔറത്ത് മറച്ചവനു നഗ്നനായി നിസ്ക്കരിക്കുന്നവനെ തുടരൽ അനുവദനീയമാണ്. നഗ്നനു വസ്ത്രം കവർച്ച ചെയ്യൽ അനുവദനീയമല്ല. നിസ്ക്കരിക്കുന്നവൻ അവൻ്റെ വസ്ത്രങ്ങളിൽ വെച്ച് ഏറ്റവും ഭംഗിയുള്ളത് ധരിക്കൽ സുന്നത്താണ്.
നിസ്ക്കാരത്തിൽ ഔറത്ത് മറക്കൽ നിർബന്ധമാകുന്നത് പോലെത്തന്നെ നിസ്ക്കാരത്തിന് പുറത്തും മലിനമായ വസ്ത്രം കൊണ്ടെങ്കിലും ഔറത്ത് മറക്കൽ നിർബന്ധമാണ്, വിജനതയിൽ വരെ, എങ്കിലും തനിച്ചാവുമ്പാൾ പുരുഷന് ഗുഹ്യഭാഗങ്ങൾ മാത്രമാണ് മറക്കൽ നിർബന്ധമാകുന്നത്. കുളി, വീട് അടിച്ചുവാരുന്ന സമയത്തുണ്ടാക്കുന്ന പൊടിയിൽ നിന്നും മറ്റു മ്ലേഛമായവയിൽ നിന്നും വസ്ത്രത്തെ സൂക്ഷിക്കുക, തണുപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്ക് വേണ്ടി ഒറ്റക്കിരിക്കുന്ന അവസരത്തിൽ പുരുഷന് ഔറത്ത് വെളിവാക്കൽ അനുവദനീയമാണ്.