അൽ ഫിത്റ എന്നാൽ നമ്മുടെ സൃഷ്ടിപ്പും നേരായ മതവുമാണ്. ശുദ്ധ പ്രകൃതിയുടെ ചര്യകൾ മുൻകഴിഞ്ഞ മുർസലുകളും സമുദായങ്ങളും പണ്ടു മുതലേ കൽപിച്ച കാര്യങ്ങളാണ്. അവയിൽ ചിലത് നിർബന്ധ ബാധ്യതയും ചിലത് ഐഛികവുമാണ്.
ആഇശ (റ) ഉദ്ധരിക്കുന്നു: നബിﷺ പറഞ്ഞു: പത്തു കാര്യങ്ങൾ ഫിത്റയിൽ പെട്ടതാണ്. മീശ വെട്ടൽ, താടി തൂക്കിയിടൽ, മിസ്‌വാക്ക് ചെയ്യൽ(പല്ലുതേക്കൽ), മൂക്ക് വൃത്തിയാക്കൽ(മൂക്കിൽ വെള്ളം കയറ്റി ചീറ്റി കൊണ്ട്), നഖം വെട്ടൽ, വിരലുകളിലെ ചുളിഞ്ഞ ഭാഗങ്ങൾ കഴുകുക, കക്ഷ രോമം പറിക്കുക, ഗുഹ്യരോമം കളയുക, വെള്ളം കൊണ്ട് ശൗചം ചെയ്യൽ, മുസ്അബ്(റ) പറഞ്ഞു: പത്താമത്തെ കാര്യം ഞാൻ മറന്നു. അത് വായിൽ വെള്ളം കൊപ്ളിക്കൽ അവനാണ് സാധ്യത. (ബുഖാരി, മുസ്‌ലിം)
ബുഖാരി, മുസ്‌ലിം റിപ്പോർട്ട് ചെയ്ത മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം: ഫിത്റയുടെ ചര്യകൾ അഞ്ചാണ്, ചേലാകർമം നിർവഹിക്കുക, മൂർച്ചയുള്ള വസ്തു കൊണ്ട് ഗുഹ്യരോമം കളയുക, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷ രോമം പറിക്കൽ,
ഇബ്നു ഉമർ(റ)വിൽ നിന്ന് നിവേദനം: നബിﷺ പറഞ്ഞു: നിങ്ങൾ ബഹുദൈവാരാധകരോട് എതിരാവുക. നിങ്ങൾ താടി പരിപൂർണമാക്കുക (അഥവാ കളയാതിതിരിക്കുക), മീശ വളരെ ചെറുതാക്കുക. ഇബ്നു ഉമർ(റ) ഹജ്ജ്, ഉംറ എന്നിവ ചെയ്താൽ അവരുടെ താടി കൈകൊണ്ട് പിടിക്കുകയും ബാക്കി വന്ന പാകം വെട്ടി കളയുകയും ചെയ്തിരുന്നു. (ബുഖാരി, മുസ്‌ലിം)
നബിﷺ പറഞ്ഞു: മീശ വെട്ടാത്തവൻ നമ്മിൽ പെട്ടവനല്ല (തുർമുദി, നസാഈ). അനസ്(റ) പറയുന്നു: മീശ വെട്ടുന്നതിനും, നഖം മുറിക്കാനും, കക്ഷ രോമം പറിക്കാനും, ഗുഹ്യരോമം കളയുന്നതിനും നാല്പത് ദിവസത്തിൽ കൂടാത്ത രൂപത്തിൽ ഞങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടിരുന്നു. (മുസ്‌ലിം, അബു ദാവൂദ്, തുർമുദി)