തന്റെ ഭാര്യ ഒരു പെണ്കുഞ്ഞിനു ജന്മം നല്കിയെന്നറിഞ്ഞാല് മ്ലാനവദനരാകുന്ന സമൂഹമായിരുന്നു അവര്‍. ഖുര്‍ആന്‍ പറയുന്നു, ''അവരിലൊരാള്ക്ക്, പെണ്കുട്ടി ജനിച്ചതായി സന്തോഷവാര്ത്ത ലഭിച്ചാല്‍ കഠിന ദു:ഖം കടിച്ചിറക്കിക്കൊണ്ട് അയാളുടെ മുഖം കറുത്തിരുണ്ട് പോകുന്നു. അയാള്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചു നടക്കുന്നു. ഈ ചീത്ത വാര്ത്ത ലഭിച്ച ശേഷം ആരെയും കാണാതിരിക്കാന്‍ വേണ്ടി അപമാനം സഹിച്ച് ആ കുട്ടിയെ കൂടെ നിര്ത്തണോ അതോ കുഴിച്ചു മൂടണോ? എത്ര ചീത്തയായ തീരുമാനമാണ് അവരെടുക്കുന്നത്.''
ജീവിക്കാനുള്ള അവകാശം തിരിച്ചു വാങ്ങി നല്കി എന്നതു തന്നെയാണ് പ്രവാചകന്‍ സ്ത്രീ സമൂഹത്തിനു നല്കിയ ഏറ്റവും വലിയ സംഭാവന. ഫാത്വിമ(റ)യെ മടിയിലിരുത്തി പരസ്യമായി താലോലിച്ചിരുന്ന പ്രവാചകന്‍ പെണ്‍കുഞ്ഞുങ്ങളെ അപമാനമായി കണ്ടിരുന്ന ഒരു സമൂഹത്തിനു മുന്നില്‍ തിരുത്തല്‍ ശക്തിയായി നിലകൊണ്ടു.
വെളിയിലിറങ്ങിയ സ്ത്രീ
ഇസ്ലാമും പ്രവാചകരും സ്ത്രീയുടെ പൊതുരംഗ പ്രവേശനം തടയുന്നു എന്നതാണ് ഇസ്ലാം വിമര്ശകരുടെ ഒരു പ്രധാന ആരോപണം. പ്രകൃതിപരമായി സ്ത്രീ ഒതുങ്ങി കഴിയേണ്ടവളാണ് എന്നതു കൊണ്ടാണ് ഇസ്ലാം സ്ത്രീക്ക് ഹിജാബ് കല്പിച്ചത്. സ്ത്രീയുടെ സൗന്ദര്യം തന്റെ ഭര്ത്താവിനുള്ളതാണ്. അത് ഭര്ത്താവിനു മുന്നില്‍ പ്രദര്‍ശിപ്പിക്കട്ടെ, അന്യര്ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാതിരിക്കുകയും ചെയ്യട്ടെ, ഇതാണ് പ്രവാചകരുടെ സമീപനം. നിസ്കാരാദികള്ക്കു പോലും പുറത്തിറങ്ങരുതെന്ന് പറയുന്നത് കൊണ്ട് സ്ത്രീയുടെ വില കുറയുകയല്ല, ശ്രേഷ്ഠത വര്ധിക്കുകയാണ്. കാരണം, ഭൗതിക ലോകത്ത് ഏറെ വിലപിടിച്ച രത്നങ്ങളും മുത്തുകളും സമുദ്രത്തിന്റെ അഗാധങ്ങളില്‍ ഒളിച്ചു കഴിയുകയാണ്. അതു സുരക്ഷിതമായ ചിപ്പികള്ക്കുള്ളില്‍. അവക്ക് അര്ഹതപ്പെട്ട സുരക്ഷയും പരിഗണനയുമാണത് എന്ന പോലെ സ്ത്രീക്ക് അര്ഹിക്കുന്ന പരിഗണനയും അംഗീകാരവുമാണ് ഇസ്ലാമിലെ ഹിജാബ് നിയമം.
രാജ്യത്തിന്റെ തലസ്ഥാന നഗരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായ വാര്ത്ത നാം വായിച്ചത് ഈയടുത്താണ്. ആഴ്ചകളോളം തലസ്ഥാന നഗരിയെ യുദ്ധക്കളമാകുന്ന പ്രതിഷേധങ്ങളാണ് പിന്നീട് നാം കാണുന്നത്. അക്രമി ശിക്ഷിക്കപ്പെടണമെന്നതില്‍ രണ്ടഭിപ്രായമില്ല. എന്നാല്‍ അസമയത്ത് നഗരങ്ങളിലൂടെ ബോയ്ഫ്രണ്ടുമൊത്ത് കറങ്ങുന്നത് സംസ്കാരത്തിന്റെയും ഫാഷന്റെയും ഭാഗമായിക്കൊണ്ടിരിക്കുന്ന സമൂഹത്തിലാണ് അക്രമങ്ങള്‍ പെരുകുന്നത്. വസ്ത്രധാരണയിലൂടെയും പൊതുരംഗ പ്രവേശനങ്ങളിലൂടെയും 'പ്രദര്ശന പരത' എന്ന് മനഃശാസ്ത്രജ്ഞര്‍ പേരിട്ടുവിളിക്കുന്ന കാര്യമാണ് നടന്നുകൊണ്ടിരിക്കുന്നതെങ്കില്‍ ഇവിടെ സ്ത്രീയും പ്രതിയാണ്. എക്സ്പ്രഷനിസം ബലാത്സംഗത്തിലേക്കുള്ള പ്രേരണയും പ്രചോദനവുമാണ്. കുറ്റത്തിലേക്ക് പ്രേരിപ്പിക്കുന്നവനും കുറ്റവാളി തന്നെ. ഇവിടെയാണ് പ്രവാചകന്റെ മതത്തില്‍ സ്ത്രീ സുരക്ഷിതയാകുന്നതിന്റെ കാരണം നമുക്കു ബോധ്യപ്പെടുന്നത്. തെറ്റിനുള്ള സാഹചര്യം പോലും കൊട്ടിയടക്കുന്ന തരത്തിലാണ് സ്ത്രീയുടെ സുരക്ഷിതത്വ വിഷയത്തില്‍ പ്രവാചകന്റെ അധ്യാപനങ്ങളുള്ളത്.
സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയും അവളെ മൂലക്കിരുത്തുകയും ചെയ്യുകയാണ് പ്രവാചകനെന്ന് പറയുന്നവര്‍ പല വസ്തുതകളും കണ്ടില്ലെന്നു നടിക്കുകയാണ്. ഒരിക്കലൊരാള്‍ പ്രവാചകനോട് ചോദിച്ചു, നിങ്ങളില്‍ ആരാണ് ഉത്തമന്‍? നിങ്ങളില്‍ സ്ത്രീകളോട് ഉത്തമമായി പെരുമാറുന്നവന് എന്നായിരുന്നു പ്രവാചകന്റെ ഉത്തരം. പ്രവാചകന്റെ പ്രശസ്തമായ വിടവാങ്ങല്പ്രസംഗത്തിലും സ്ത്രീ ഒരു വലിയ വിഷയമായി ഭവിച്ചു. സ്ത്രീകള്ക്ക് അര്ഹിക്കുന്ന മുഴുവന്‍ പരിഗണനയും നല്കണമെന്ന് ഊന്നിപ്പറയുകയാണ് പ്രവാചകന്‍ ചെയ്തത്.
സ്വത്തവകാശം സ്ത്രീക്കും
ചില മതങ്ങള്‍ സ്ത്രീകള്ക്ക് അനന്തര സ്വത്ത് വകവെച്ച് നല്കുന്നില്ല. എന്നാല്‍ ഇസ്്ലാം സ്ത്രീക്ക് സ്വത്തവകാശവും വ്യക്തിയുടമാവകാശവും നല്കിയിരിക്കുന്നു. സാധാരണ ഗതിയില്‍, ഭര്ത്താവിനാലും മക്കളാലും സഹോദരങ്ങളാലും പിതാവിനാലുമെല്ലാം സംരക്ഷിക്കപ്പെടുന്ന സ്ത്രീക്ക് അര്ഹിക്കുന്ന അളവില്‍ സ്വത്ത് അനുവദിച്ചിരിക്കുന്നു. അസാധാരണമായെങ്കിലും പുരുഷന്റെ സംരക്ഷണം ലഭിക്കാത്തവര്ക്കും മറ്റും ഈ സ്വത്തുകൊണ്ട് ജീവിക്കാനാകുന്നു.
ഒരു സ്ത്രീയെ വിവാഹം ചെയ്യണമെങ്കില്‍ വിവാഹ മൂല്യം (മഹര്‍) പ്രവാചകന്‍ നിയമമാക്കി. മണ്ണിനടിയില്‍ പിടഞ്ഞുതീരേണ്ടിയിരുന്ന സ്ത്രീയെ പിടിച്ചെഴുന്നേല്പ്പിച്ച് ശുദ്ധിയാക്കി ഇനി ഇവളെ തൊടണമെങ്കില്‍ സാമ്പത്തികമൂല്യം നല്കണമെന്ന പദവി സ്ഥാപിച്ച് നല്കുകയായിരുന്നു പ്രവാചകന്‍. വിവാഹമൂല്യം വിലകിട്ടുന്ന വസ്തുവായിരിക്കുകയും വേണം. അത് ഭാര്യയുടെ പിതാവിന്റെ സ്വത്തല്ല, ഭാര്യയുടെ അവകാശമാണ്.
ഭാര്യാപിതാവ് ഭര്ത്താവിന് നല്കുന്ന, പഴയ യൂറോപ്യന്‍ ആചാരത്തിന്റെ ഭാഗമായിരുന്ന സ്ത്രീധനത്തിനും വരന് വധുവിന്റെ പിതാവിന് നഷ്ടപരിഹാരമെന്ന നിലക്ക് നല്കിയിരുന്ന നാരിപ്പണത്തില് നിന്നും വിത്യസ്തമാണ് പ്രവാചകര്‍ പരിചയപ്പെടുത്തിയ മഹര്‍. ഇതവളുടെ മാത്രം അവകാശമാണ്.
ഭര്ത്താവിനെ പരിചരിക്കുന്നതും മക്കളെ നോക്കുന്നതുമൊന്നും ഭാര്യയുടെ ബാധ്യതയല്ല. സ്ത്രീ ആവശ്യപ്പെട്ടാല്‍ കൂലി നല്കേണ്ടിവരും. ഭാര്യയുടെ വീട്ടില്‍ വേലക്കാരികള്‍ ഉണ്ടെങ്കില്‍ ഭര്‍ത്താവ് അവള്ക്ക് വേലക്കാരികളെ വെച്ചുനല്കണമെന്നടക്കം സാമ്പത്തിക ജീവിതത്തില്‍ സ്ത്രീയെ പരിഗണിക്കേണ്ടതുപോലെ തന്നെയാണ് മതം പരിഗണിച്ചിരിക്കുന്നത്.
പുരുഷനില്‍ നിന്നും വിഭിന്നമായി പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്ന പെണ്ണിന് പുരുഷന് ലഭിക്കാത്ത അത്യപൂര്വ്വമായ പ്രതിഫലവും സ്വര്ഗപ്രവേശവും ഇസ്ലാം വാഗ്ദാനം ചെയ്യുന്നു. മറ്റു പല പ്രത്യായ ശാസ്ത്രങ്ങളും പരിചയപ്പെടുത്തും പോലെ സ്ത്രീ നരകത്തിന് വേണ്ടി പടക്കപ്പെട്ടവളാണെന്ന തെറ്റായ ധാരണ പ്രവാചകര്‍ പഠിപ്പിച്ചില്ല. സുകൃതങ്ങള്‍ ചെയ്ത് ഇലാഹീപ്രീതി കരസ്ഥമാക്കിയാല്‍ ആണും പെണ്ണുമെല്ലാം സ്വര്ഗപ്രവേശിതരാവും ഇവിടെ ലിംഗവൈജാത്യമില്ല. കര്‍മ്മങ്ങള്‍ മാത്രമാണ് പരിഗണനീയം. ഇതായിരുന്നു പ്രവാചകര്‍ ജീവിതത്തിലുടനീളം അനുചരന്മാരെ പഠിപ്പിച്ചിരുന്നത്. പുരുഷനെ സൃഷ്ടിച്ചപ്പോള്‍ ദൈവത്തിനു പറ്റിയ അമളിയും, കൈപ്പിഴയും ആയിരുന്നു സ്ത്രീയെന്ന പഴകിയ കാടന്‍ ഗ്രീക്ക് തിയറിയൊന്നും പ്രവാചകര്‍ പഠിപ്പിച്ചില്ലെന്ന് മാത്രമല്ല, അധീശത്വം സ്ഥാപിക്കാനുള്ള ഒരു ഉപകരണംമാത്രമല്ല സ്ത്രീയെന്നും പ്രവാചകര്‍ പഠിപ്പിച്ചു.
സ്ത്രീകളുടെ സൗന്ദര്യം പിശാചിന്റെ ചതിയാണെന്നും അതിന്റെ ആസ്വാദനം ധര്മച്യുതിയാണെന്നുമാണ് ചില മതങ്ങള്‍ സദാചാര ദര്ശനം പഠിപ്പിച്ചിരുന്നത്. സ്ത്രീ കന്യകയായി തന്നെ നിലനിന്ന് ദൈവത്തിന്റെ മണവാട്ടികളായി അനുഗ്രഹീതരാവണമെന്ന് മറ്റു ചിലര്‍ പഠിപ്പിച്ചു. എന്നാല്‍ ബ്രഹ്മചര്യയല്ല വിവാഹിതരാവുന്നതാണ് പുണ്യമെന്ന് പ്രവാചകര്‍ പഠിപ്പിച്ചു.
ഭാര്യക്ക് ചിലവ് നല്കാന് പ്രാപ്തിയുള്ളവരെല്ലാം വിവാഹിതരാവട്ടെയെന്ന് പഠിപ്പിക്കപ്പെട്ടു. ഒരിക്കല്‍ പ്രവാചകര്‍ പറഞ്ഞു:ഞാന്‍ ഇഷ്ടപ്പെടുന്ന മൂന്ന് കാര്യങ്ങളുണ്ട് ഈ ലോകത്ത്. സുഗന്ധം, സ്ത്രീ, അല്ലാഹുവിനെ പേടിച്ച് കരയുന്ന കണ്ണുനീര് എന്നിവയാണവ ഈ തിരുവാക്യം പ്രവാചകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഓറിയന്റലിസ്റ്റുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാല്‍, മക്കയിലെ വിശേഷ സാഹചര്യത്തില്‍ സ്ത്രീയെ വെറുത്തിരുന്ന സമൂഹത്തിനു മുമ്പില്‍ അവരോടുള്ള സ്നേഹം പ്രവാചകര്‍ പഠിപ്പിക്കുകയായിരുന്നു. ഇത് സമൂഹത്തില്‍ കാതലായ മാറ്റങ്ങളും ഉണ്ടാക്കുകയും ചെയ്തു.
ബഹുഭാര്യത്വം
ബഹുഭാര്യത്വത്തിന്റെ പേരില്‍ പ്രവാചകരുടെ സ്ത്രീ സമീപനത്തെ കുതിരകയറുന്നവരുണ്ട്. തന്റെ ഇരുപത്തി അഞ്ചാം വയസ്സില്‍, യുവത്വം സര്വ്വ പ്രതാപവുമെടുത്തുനിന്ന പ്രായത്തില്‍ പ്രവാചകര്‍ വിവാഹം ചെയ്തത് തന്നെക്കാള്‍ ഏറെ മുതിര്ന്ന നാല്പത്തിഅഞ്ചുകാരിയായിരുന്ന, നേരത്തെ രണ്ടുതവണ വിവാഹിതയായ, വിധവയായ ഖദീജ(റ)നെയായിരുന്നു. പ്രവാചകരെ സ്ത്രീ ലംബടനായി, ഡോണ്ജുവാനോട് ഉപമിക്കുന്ന വിമര്‍ശകര്‍ യൗവ്വനകാലത്തെ പ്രാവാചകരുടെ ലൈംഗിക ജീവിതത്തെക്കുറിച്ച് മിണ്ടുന്നില്ല. തന്റെ യുവത്വ കാലം മുഴുവന്‍ നീണ്ട ഇരുപത്തിയെട്ടു വര്ഷക്കാലം ഖദീജയോടൊത്ത് മാത്രമായിരുന്നു പ്രാവാചകര്‍ ജീവിതം മുന്നോട്ടു നയിച്ചത്. പ്രവാചകദൗത്യം ഏല്പ്പിക്കപ്പെടുന്നതിനു മുമ്പായിരുന്നു ഈ വിശുദ്ധ ജീവതമെന്നോര്ക്കണം. ഖദീജ(റ)യുടെ മരണം വരെ ഈ യുവാവ് മറ്റൊരു സ്ത്രീയെക്കറിച്ച് ആലോചിച്ചില്ല. ശേഷം നടന്ന വിവാഹങ്ങളെല്ലാം രാഷ്ട്രീയ-മത-സാമൂഹിക ഗുണങ്ങള്ക്ക് വേണ്ടിയായിരുന്നു. യുവത്വകാലത്ത് ശത്രുക്കള്‍ പോലും ആരോപിക്കാത്ത ലൈംഗികാസക്തി അന്പത്തിമൂന്നാം വയസ്സില്‍, ജീവിതസായാഹ്നത്തിലാണോ പിന്നെ ഉണ്ടാവുക.
ഖദീജ(റ)യുടെ മരണശേഷം ഫാത്വിമാ(റ)ക്ക് കൂട്ടിനും കുടുംബ സംരക്ഷണത്തിനുമെന്നനിലക്ക് പ്രവാചകര്‍ മറ്റൊരു വിവാഹത്തിന് നിര്ബന്ധിതനാവുകയായിരുന്നു. അങ്ങിനെയാണ് തന്റെ സന്ധതസഹചാരിയായിരുന്ന സ്വിദ്ദീഖ്(റ)ന്റെ മകള്‍ ആഇശാ(റ)യെ വിവാഹം ചെയ്യാന്‍ പ്രവാചകന്‍ തയ്യാറാവുന്നത്. പ്രവാചകരുടെ കന്യകയായ ഏകഭാര്യയും ഇവരായിരുന്നു. ഈ സമയത്തും ആഇശയല്ലാതെ വേറെയൊരു ഭാര്യയും പ്രവാചകനില്ല. പിന്നീടാണ് വിധവകളും വൃദ്ധകളുമായ മറ്റുസ്ത്രീകളെ ഭാര്യമാരായി ഏറ്റെടുക്കുന്നത്.
ജഹ്ഷിന്റെ മകള്‍ സൈനബിനെ വിവാഹം ചെയ്യുന്നതും മതപരമായ ചില വിധികള്‍ പഠിപ്പിക്കാനും റ്റുചില നന്മകള്ക്കും മാത്രമായിരുന്നില്ല പ്രവാചകര്‍ ബഹുഭാര്യത്വം അനുവദിക്കാന്‍ കാരണം അതില്‍ ചില നന്മകള് ഉണ്ടായത് കൊണ്ട് മാത്രമാണ്. ഭാര്യമാരോട് തുല്യമായി പെരുമാറാന്‍ കഴിയുമ്പോള്‍ മാത്രമാണ് ബഹുഭാര്യത്വം അനുവദനീയമാകുന്നത്. അവര്‍ക്കിടയില്‍ വൈജാത്യപരമായി പെരുമാറുന്നത് അനുവദനീയമല്ല. ദിവസങ്ങള്‍ ഓഹരി വെച്ചു നല്കുന്നതില് പ്രവാചകര്‍ അതീവ ശ്രദ്ധകാണിച്ചു. ഒരാളുടെ ദിവസം അവരുടെ സമ്മതമില്ലാതെ മറ്റൊരു ഭാര്യയുടെ വീട്ടില്‍ പോവില്ല.
ഭാര്യ, മാതാവ്, സഹോദരി തുടങ്ങി വിവിധ മേഖലകളില്‍ സ്ത്രീകള്ക്ക് അര്ഹിക്കുന്ന പരിഗണനകള്‍ വകവെച്ചു നല്കികൊണ്ട് അവരെ കണക്കിലെടുക്കാനും അവര്ക്ക് സാമൂഹിക- സാമ്പത്തിക- കുടുംബ സുരക്ഷിതത്വം ഉറപ്പു വരുത്താനും പര്യാപ്തമായിരുന്നു പ്രവാചകരുടെ സ്ത്രീ സമീപനം.